കോട്ടയം: യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രാ വേദിയിലെത്തി മാണി സി കാപ്പന്. പാലായിലെ സ്വീകരണ യോഗത്തിലാണ് പങ്കെടുക്കുന്നത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. വേദിയില്‍ കാപ്പനും അണികളും അണിചേര്‍ന്നു.
അതേസമയം കാപ്പന് വരുന്നത് തലയെടുപ്പുള്ള ആനയെ പോലെയെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നല്ല വലിപ്പമുള്ള കാപ്പന്, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇത് വിജയത്തിന്റെ നാന്ദിയാണ്. യാതൊരു സംശയവുമില്ല. ഐക്യജനാധിപത്യ മുന്നണി വിജയവീരഗാഥയാണ് രചിച്ചു കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് പാലാ സീറ്റെടുത്ത് തോറ്റവന് കൊടുക്കാന്‍ നോക്കി എന്ന കാപ്പന്റെ പരാതി ന്യായമാണ്. അതു കൊണ്ട് അദ്ദേഹം പാലായിലെ ജനങ്ങളെ കൂട്ടി ഇങ്ങ് പോന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയനടക്കം നന്ദി പറഞ്ഞാണ് മാണി സി കാപ്പന് യുഡിഎഫ് വേദിയില്‍ പ്രസംഗം തുടങ്ങിയത്. തന്റെ വിജയത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു. പിണറായി ജൂനിയര്‍ മാന്‍ഡ്രേക് സിനിമ കാണണമെന്ന് കാപ്പന് പറഞ്ഞു. ജൂനിയര്‍ മാന്‍ഡ്രേക്കായ ജോസ് കെ. മാണിയെ ആണ് മുന്നണിയിലെടുത്തതെന്നും കാപ്പന് പരിഹസിച്ചു.
Discussion about this post