ഇന്നലെ കാണാതായ ആറു വയസ്സുകാരി അബിഗേൽ സാറയെ കണ്ടെത്തി. ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ കുട്ടിയെ ഓയൂരിൽ നിന്നും നാലംഗ സംഘം ഇന്നലെ കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു . 20 മണിക്കൂറോളം നീണ്ട തിരച്ചിന് ഒടുവിലാണ് കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം എസ്. എൻ കോളേജിലെ വിദ്യാർത്ഥിയാണ് ആദ്യം കുട്ടിയെ തിരിച്ചറിഞ്ഞത്. അപ്പോൾ ഒപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്നും വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്. നിലവിൽ കൊല്ലം ഈസ്റ്റ് പോലീസിന്റെ സംരക്ഷണത്തിലാണ് കുട്ടി.
ആരോഗ്യനില തൃപ്തികരമാണെന്നാണ് വൈദ്യ പരിശോധന റിപ്പോർട്ട്. കുട്ടിക്ക് അമ്മയുമായി സംസാരിക്കണം എന്ന് പറഞ്ഞതുകൊണ്ട് വീഡിയോ കോളിൽ നിലവിൽ സംസാരിച്ചിട്ടുണ്ട്. ഉടനെ അബിഗേലിനെ വീട്ടിലേക്ക് എത്തിക്കും എന്നാണ് പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ഇന്നലെ സ്കൂളിൽനിന്ന് മടങ്ങിയെത്തതിനു ശേഷം ട്യൂഷൻ പോയപ്പോൾ അബിഗേലിന് ഒപ്പം സഹോദരനായ നാലാം ക്ലാസുകാരൻ ജോനാഥനും ഉണ്ടായിരുന്നു.
കാറിൽ വന്നവർ ഒരു നോട്ടീസ് നൽകി അത് അമ്മയെ ഏൽപ്പിക്കണമെന്ന് പറഞ്ഞ് ജോനാഥൻറെ ശ്രദ്ധ മാറ്റിയശേഷം ആയിരുന്നു അബിഗേലിനെ കയ്യിൽ പിടിച്ച് കാറിലേക്ക് വലിച്ചു കയറ്റിയത്. ജോനാഥൻ ഡോറിൽ തൂങ്ങി കിടന്നെങ്കിലും തട്ടിപ്പ് സംഘം കൈ തട്ടി മാറ്റി കുട്ടിയെ താഴെ ഇടുകയായിരുന്നു. ഇത് കണ്ട് അടുത്തുള്ള അംഗൻവാടി അധ്യാപിക സിനു ഓടിയെത്തിയപ്പോഴേക്കും കാറ് അതിവേഗത്തിൽ പോയിരുന്നു. നിലവിൽ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
Discussion about this post