വേറിട്ട ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. എന്നാൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ചില ഭക്ഷണങ്ങൾ ഉണ്ട്. കപ്പയും പുട്ടും, ബീഫും പൊറോട്ടയും, ചട്ടി ചോറും, കോഴിക്കോട് ബിരിയാണിയും അങ്ങനെ പോകുന്നു മലയാളികളുടെ ഇഷ്ടങ്ങൾ. ഇനി മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ബിരിയാണിയെ കുറിച്ച് പറയാം.
തനി തലശ്ശേരി ബിരിയാണി. തലശ്ശേരി ബിരിയാണി ഇഷ്ടപ്പെടാത്തവരായി ആരുമില്ല. നറു നെയ്യിൽ ഗ്രാമ്പൂവും കറവപ്പട്ടയും എല്ലാം ചേർന്ന കിടിലൻ തലശ്ശേരി ബിരിയാണി. തക്കാളിയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം ചേർത്ത് ഉണ്ടാക്കുന്ന ഈ ബിരിയാണിയുടെ മണം കേട്ടാൽ തന്നെ വായിൽ വെള്ളമൂറും. തലശ്ശേരി ബിരിയാണി മാത്രമല്ല ഇനി ബിരിയാണിയിലെ ചില വൈവിധ്യങ്ങൾ കൂടി പറയാം.
ഹൈദരാബാദ് ദം ബിരിയാണി. കച്ചി ബിരിയാണി പക്കി ബിരിയാണി എന്നിങ്ങനെ ഹൈദരാബാദ് ദം ബിരിയാണിയെ രണ്ടായി തരംതിരിക്കുന്നു. ഇതും നമ്മുടെ നാട്ടിലെ റസ്റ്റോർട്ടുകളിലെ ഇഷ്ട വിഭവ പട്ടികയിൽ ഉൾപ്പെടുന്നു. അരിയും മാംസവും വേവിച്ചതിനു ശേഷം തയ്യാറാക്കുന്ന ഈ ബിരിയാണി മലയാളികൾക്ക് അല്പം സ്പെഷ്യൽ ആണ്. ഹൈദരാബാദി മാത്രമല്ല കൊൽക്കത്ത ബിരിയാണിയും മലയാളികൾ റസ്റ്റോറന്റുകളിൽ തേടുന്ന ഭക്ഷണകൂട്ടാണ്. മാംസത്തോടൊപ്പം വറുത്ത ഉരുളക്കിഴങ്ങ് ചേർത്തുണ്ടാക്കുന്ന കൊൽക്കത്ത ബിരിയാണി ടേസ്റ്റിയും ഒപ്പം ഹെൽത്തിയുമാണ്.
മസാലകൾ കുറച്ചു മാത്രം ചേർക്കുന്നതാണ് കൊൽക്കത്ത ബിരിയാണിയെ വേറിട്ട് നിർത്തുന്നത്. പക്ഷേ പ്രത്യേക രുചി നൽകാൻ കുങ്കുമപ്പൂവ്, റോസ് വാട്ടർ എന്നിവ ഇതിൽ ഉപയോഗിക്കുന്നു. ഉത്തർപ്രദേശുക്കാരുടെ അവധി ബിരിയാണിയും നമ്മുടെ നാട്ടിൽ ഇന്ന് സുലഭമാണ്. ചെറുതീയിൽ പതുക്കെ പാകം ചെയ്ത് എടുക്കുന്ന ഈ ബിരിയാണി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നാണ് ഹോട്ടലുടമകൾ പറയുന്നു. പഴമയുടെ രുചി പകരുന്ന മുഗൾ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന അതേ ചേരുവകൾ ചേർത്തുണ്ടാക്കുന്ന മുഗളായി ബിരിയാണിയും ഇപ്പോഴത്തെ ട്രെൻഡ് ആണ്. ഇതിൻറെ മറ്റൊരു വകഭേദമാണ് തെഹരി ബിരിയാണി. മാംസം ഉപയോഗിക്കാതെ പച്ചക്കറികൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന തെഹരി ബിരിയാണി ഇന്ന് ഒട്ടുമിക്ക റസ്റ്റോറന്റുകളിലും ലഭ്യമാണ്. മൈസൂരിലെ ടിപ്പുസുൽത്താന്റെ വീട്ടുജോലിക്കാർ പാകം ചെയ്തിരുന്ന ഭക്ഷണമാണ് ഈ ബിരിയാണി എന്നും പറയപ്പെടുന്നു.
Discussion about this post