പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും, ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു. ലോക കാർഷിക രംഗത്ത് പ്രശസ്തനായ മലയാളി കൂടിയായിരുന്നു എം എസ് സ്വാമിനാഥൻ. ആലപ്പുഴ ജില്ലയിലെ കുട്ടനാട് ആണ് സ്വദേശം. ലോക കാർഷിക രംഗത്ത് തന്റേതായ ആശയങ്ങൾ കൊണ്ട് എന്നും വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻറെത്. ഇന്ത്യയിൽ കാർഷിക സ്വയം പര്യാപ്തത നേടുവാനും, നിരവധി
രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമം ഇല്ലാതാക്കുവാനും അദ്ദേഹം ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. അമേരിക്കൻ ശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്റെ പിതാവുമായ നോർമൽ ബോർലോഗുമായി സഹകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള അത്യൽപാദനശേഷിയുള്ള വിത്തുകൾ വികസിപ്പിക്കുകയും, അത് വൻതോതിൽ പ്രചരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഈ നേട്ടമാണ് ഹരിത വിപ്ലവത്തിന്റെ ശില്പി എന്ന വിശേഷണത്തിനും അദ്ദേഹത്തെ അർഹനാക്കിയത്. രോഗപ്രതിരോധശേഷി കൂടിയ ഗോതമ്പിന്റെയും നെല്ലിന്റെയും വിത്തിനങ്ങൾ കണ്ടെത്തിയതിൽ നിർണയ പങ്കാണ് അദ്ദേഹം വഹിച്ചത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദമായ കൃഷി രീതികൾ കണ്ടുപിടിക്കുന്നതിൽ മാത്രമല്ല ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളും അദ്ദേഹം കൈകൊണ്ടു.
കർഷകരുടെ സമഗ്രമായ ഉന്നമനത്തിന് വേണ്ടി അദ്ദേഹം എപ്പോഴും ശബ്ദമുയർത്തി കൊണ്ടിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ മുന്നോട്ടു കൊണ്ടു വരാൻ അദ്ദേഹം ആരംഭിച്ച സ്വാമിനാഥൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാർഷിക രംഗത്ത് തന്നെ നിർണായക സ്വാധീനം ചെലുത്തി. ഒട്ടേറെ അന്താരാഷ്ട്ര സംഘടനകളുടെ തലവനായി പ്രവർത്തിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ഇതുകൂടാതെ പത്മവിഭൂഷൻ, പത്മഭൂഷൻ, വേൾഡ് ഫുഡ് പ്രൈസ് തുടങ്ങിയ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ലഭിച്ചു.
Discussion about this post