കോട്ടയം : എന്‍സിപി എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാനൊരുങ്ങുന്നതായി സൂചന. നിയമസഭാ സമ്മേളനത്തിന് ശേഷം മുന്നണി മാറ്റം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്‍സിപിയുടെ സിറ്റിങ് സീറ്റായ പാലാ ജോസ് കെ മാണി വിഭാഗത്തിന് തന്നെ ലഭിക്കും. അവിടെ രാജ്യസഭാംഗത്വം രാജിവച്ചെത്തുന്ന ജോസ്.കെ മാണി തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് എല്ലാ സാധ്യതയും. ഇതോടെ എന്‍സിപി പൂര്‍ണമായോ ഭാഗികമായി മുന്നണി വിടാനും പിരിഞ്ഞുപോകുന്ന വിഭാഗം യുഡിഎഫിലെത്താനും വഴിയൊരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജോസ് രാജിവെക്കുന്ന രാജ്യസഭാ സീറ്റ് പകരം നല്‍കാമെന്ന വാഗ്ദാനം മാണി സി. കാപ്പന് സ്വീകരിച്ചിട്ടില്ല. പാലാ അല്ലാതെ മറ്റൊരു സീറ്റെന്ന നിര്‍ദേശവും അദ്ദേഹം അംഗീകരിച്ചിട്ടില്ല.
അതേസമയം എന്‍സിപി എല്‍ഡിഎഫ് വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് മാസ്റ്റര്‍ നിഷേധിച്ചു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. മന്ത്രിപദവിയിലുള്ള എകെ ശശീന്ദ്രനും പക്ഷത്തിനും എല്‍ഡിഎഫ് വിടുന്നതിനോട് കടുത്ത എതിര്‍പ്പാണുള്ളത്.
Discussion about this post