തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമപരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. നിയമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ കെസി ജോസഫാണ് കോണ്‍ഗ്രസില്‍ നിന്നും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചത്. പ്രമേയത്തില്‍ മൂന്ന് നിയമഭേദഗതികളും കെസി ജോസഫ് നിര്‍ദേശിച്ചു.
കര്‍ഷക സമരം ഐതിഹാസികമാണെന്നും ഇച്ഛാശക്തി ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യായവിലയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കേന്ദ്രം ശ്രമിക്കുന്നു.കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ചരക്കുനീക്കം നിലയ്ക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷ വിരുദ്ധവുമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post