തിരുവനന്തരപുരം: കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.
കേരളത്തിലേക്ക് വരുന്നവരില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങും.
കോവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. ആശുപത്രികളില്‍ ഓക്‌സിജന്‍ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post