ഗുരുവായൂര്‍: ഒറ്റ പ്രസവത്തില്‍ ജനിച്ച’പഞ്ചരത്ന’ങ്ങളില്‍ മൂന്നുപേര്‍ ഗുരുവായൂരപ്പന് മുന്നില്‍ വിവാഹിതരായി. രാവിലെ 7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും അഞ്ചുമക്കളില്‍ മൂന്ന് പേരാണ് ഒരുമിച്ച് വിവാഹിതരായത്.
ഇവരുടെ സഹോദരി ഉത്രജയുടെ വരന് വിദേശത്തായതിനാല്‍ വിവാഹം പിന്നീടാണ് നടക്കുക. നാലുപേരുടെയും സഹോദരന് ഉത്രജന്‍ ചടങ്ങുകള്‍ നടത്തി. മക്കള്‍ക്കൊപ്പം വെള്ളിയാഴ്ച ഗുരുവായൂരിലെത്തിയ രമാദേവി കണ്ണന് സ്വര്‍ണത്തള കാണിക്കയായി നല്കി.
മാധ്യമപ്രവര്‍ത്തകയായ ഉത്തരയെ മാധ്യമപ്രവര്ത്തകന് തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് താലിചാര്‍ത്തിയത്. ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യന് ഉത്തമയെ മസ്കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യന് ഉത്രജയുടെ വരന് പത്തനംതിട്ട സ്വദേശി ആകാശ് കുവൈറ്റില്‍ അനസ്തീഷ്യ ടെക്നീഷ്യന് തന്നെയാണ്. ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണമാണ് അവരുടെ വിവാഹം മാത്രം നീട്ടിവെച്ചത്.
1995 നവംബര്‍ 18ന് ജനിച്ച ഇവര്‍ പഞ്ചരത്നങ്ങള്‍ എന്ന പേരിലാണ് വാര്‍ത്തകളില്‍ ഇടംനേടിയത്. ഉത്രം നാളില്‍ പിറന്നതുകൊണ്ട് അവര്‍ക്ക് സാമ്യമുള്ള പേരുകളിട്ടു. ഇവര്‍ കുട്ടികളായിരിക്കേ അച്ഛന് പ്രേംകുമാര്‍ മരിച്ചു.
Discussion about this post