പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പു കേസില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു. ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ആറന്മുള പോലീസാണ് കുമ്മനത്തിനെതിരെ കേസ് എടുത്തത്. കുമ്മനത്തിന്റെ മുന്‍ പി.എ ആയിരുന്ന പ്രവീണാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതിയാണ്.
പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങാനായി കൊല്ലങ്കോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരന്‍ പാര്‍ട്ടി നേതൃത്വത്തെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കിനല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ബാക്കിതുകയായ 28.75 ലക്ഷം രൂപ തിരിച്ചുനല്‍കിയില്ല. തുടര്‍ന്നാണ് ഹരികൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയത്. സ്ഥാപനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരിന്റെ സാന്നിധ്യത്തില്‍ പ്രവീണിനെ നേരിട്ട് കാണുകയും നല്ല സംരംഭമാണെന്ന് വിശ്വസിപ്പിക്കാന്‍ കുമ്മനം ശ്രമിച്ചിരുന്നുവെന്നും ഹരികൃഷ്ണന്റെ പരാതിയില്‍ പറയുന്നു. കുമ്മനം മിസോറാം ഗവര്‍ണറായിരുന്ന സമയത്താണ് പണം നല്‍കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.
കുമ്മനവും പ്രവീണുമടക്കം ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
Discussion about this post