തിരുവനന്തപുരം: കുളത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി ബിജെപി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വന്തം മണ്ഡലത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയമാണ് വിവാദത്തിലായത്.
1200 സ്‌ക്വയര്‍ ഫീറ്റില്‍ ഓപ്പണ്‍ ഓഡിറ്റോറിയവും രണ്ട് ഗ്രീന്‍ റൂമുകളും ശുചിമുറികളുമടക്കമുള്ള കെട്ടിടത്തിനാണ് 35 ലക്ഷം കാണിച്ചിരിക്കുന്നത്. ഷീറ്റ് കൊണ്ടാണ് ഓപ്പണ്‍ സ്റ്റേജിന് മേല്‍ക്കൂര, നിലത്ത് സിമന്റാണ് ഇട്ടത്. ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ക്ക് 5 ലക്ഷം രൂപ മാത്രമാവുമ്പോള്‍ ഓഡിറ്റോറിയം നിര്‍മാണത്തില്‍ നടന്നത് വന്‍ അഴിമതിയാണെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആരോപണം.
അതേസമയം പണം കരാറുകാരന് കൈമാറിയിട്ടില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി. അഴിമതിയുണ്ടെങ്കില്‍ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും കടകംപളളി പറഞ്ഞു. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.
Discussion about this post