കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യത്തിന് മുഖ്യപരിഗണന നൽകുന്ന പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങി സംസ്ഥാനം. ഇതിന് വേണ്ടി കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
ഇതിനായി തിരുവനന്തപുരം ജില്ലയിൽ സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കും മറ്റുള്ള ജില്ലകളിൽ സർക്കാർ/ സ്വകാര്യ ആശുപത്രികളുമായി കൂടി ചേർന്ന് മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന് വേണ്ടി 29 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ കഴിഞ്ഞ മൂന്നര മാസത്തിനിടയിൽ വിവിധ ആരോഗ്യ കാരണങ്ങളാൽ 14 പേർ മരിച്ചു. ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ 388 ജീവനക്കാർ വിവിധ രോഗങ്ങളാൽ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
174 പേരാണ് ആശ്രിത നിയമനത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഒരാഴ്ചയിൽ ശരാശരി ഒരു ജീവനക്കാരൻ എന്ന നിലയിൽ മരണം സംഭവിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യപരിപാലനം സംബന്ധിച്ച് ജീവനക്കാർക്കിടയിൽ വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങൾ വർധിക്കാനുള്ള കാരണമാകുന്നത്.
ഇത് മാറ്റുന്നതിന് വേണ്ടി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കരണം നടത്താനും അവരുടെ ശാരീരികക്ഷമതയെക്കുറിച്ച് മൂന്ന് മാസത്തിലൊരിക്കൽ ചെക്കപ്പുകൾ നടത്താനുമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഡ്രൈവർമാർക്ക് ഹീറ്റ് സ്‌ട്രെസ്റ്റ് വളരെ കൂടുതലാണ്. ബസുകളിൽ എയർ സർക്കുലേഷൻ കുറവായതിനാൽ ഡ്രൈവർമാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ മാറ്റാനായി എല്ലാ ബസുകളിലും എയർ സർക്കുലേഷൻ കൂടാൻ വശങ്ങളിൽ കിളിവാതിലുകൾ നിർമിക്കുകയും , വെള്ളം കുടിക്കാനായി ഡ്രൈവർ സീറ്റിന് സമീപം ഒരു കുപ്പി വെള്ളം സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള സൗകര്യവും ഒരുക്കിയതായി മന്ത്രി അറിയിച്ചു.
Discussion about this post