തൃശൂര്‍: നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ കത്തയച്ചെന്ന് കാട്ടി നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എംഎല്‍എ ആയ അനില്‍ അക്കരയ്ക്ക് എഴുത്തിയ കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ലൈഫ് മിഷനില്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനില്‍ അക്കരയുടെ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് വഴി അര്‍ഹമായ വീട് നഷ്ടമാകുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നീതു ജോണ്‍സണിന്റെ കത്ത്. കത്ത് വൈറലായതിന് പിന്നാലെ നീതു ജോണ്‍സണ്‍ ആരാണെന്നറിയാനും അവര്‍ക്ക് വീട് നല്‍കാനുമായി എംഎല്‍എയും രമ്യ ഹരിദാസ് എംപിയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയില്‍ റോഡരികില്‍ രണ്ടര മണിക്കൂര്‍ കാത്തുനിന്നു. എന്നാല്‍ നീതു ജോണ്‍സണോ അവരുമായി ബന്ധപ്പെട്ട ആരും തന്നെ വന്നില്ല. തുടര്‍ന്നാണ് അനില്‍ അക്കര, ഇത് വ്യാജകത്താണെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയത്.
ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ അനില്‍ അക്കര ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് ഓഗസ്റ്റ് 23 മുതല്‍ നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചു തുടങ്ങിയത്.
Discussion about this post