യുപിയിൽ ക്രൂര പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ സ്ഥലമായ ഹത്‌റാസിലേക്ക് പോകുന്നതിനിടെ കസ്റ്റഡിയിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ്.
മതവിദ്വേഷം വളർത്തി എന്ന ആരോപണം ഉന്നയിച്ചാണ് കേസ് ചുമത്തിയത്. മാധ്യമ പ്രവർത്തകന്റെ കൈയിൽ നിന്ന് ലഘുലേഖ പിടിച്ചെടുത്തു എന്നും യുപി പൊലീസ് പറയുന്നു.
മുൻകരുതൽ അറസ്റ്റിൽ നിന്ന് രാജ്യദ്രോഹക്കുറ്റത്തിലേക്കാണ് മലയാളി മാധ്യമ പ്രവർത്തകന്റെ അറസ്റ്റ് മാറിയിരിക്കുന്നത്. ഇതോടെ കേസിന്റെ സ്വഭാവമാകെ മാറി.
രണ്ടുദിവസത്തിനകം സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് വിട്ടയ്ക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ രാജ്യദ്രോഹ കുറ്റവും, മതവിദ്വേഷം വളർത്തിയെന്ന കുറ്റങ്ങൾ ചുമത്തിയിരിക്കുന്നതിന് ഒപ്പം
യുഎപിഎ വകുപ്പ് 17 പ്രകാരം ഭീകരവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയെന്ന വകുപ്പും ചുമത്തിയതോടെ കേസ് കൂടുതൽ ബലം ശക്തമാകും.
അറസ്റ്റിലായ നാല് പേർ വെബ്‌സൈറ്റ് വഴി കലാപാഹ്വാനം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ പക്കൽ നിന്ന് മൊബൈലും, ലാപ്‌ടോപ്പും, ലഘുലേഖകളും പൊലീസ് പിടിച്ചെടുത്തതായും പറയുന്നുണ്ട്. അതേസമയം പൊലീസ് പുതിയ വകുപ്പുകൾ കൂടി സിദ്ദിഖിനെതിരെ ചുമത്തിയത് ജാമ്യത്തിനുള്ള സാധ്യതകൾ തടഞ്ഞേക്കും.
Discussion about this post