തിരുവനന്തപുരം: കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കല്ലാടി – മേപ്പാടി തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കം കുറിച്ചു. 900 കോടി രൂപയാണ് നിലവില്‍ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 658 കോടി രൂപയ്ക്ക് ഭരണാനുമതിയായി.
വനഭൂമിക്ക് അടിയിലൂടെ, പാറ തുരന്ന് ഏഴ് കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കം നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍വേയ്ക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തുരങ്കപാതയുടെ സാങ്കേതിക പഠനം ആരംഭിച്ചു. കോഴിക്കോട് – വയനാട് വനമേഖലയിലെ റോഡിന്റെ സൗകര്യവും പരിസ്ഥിതിലോല പ്രദേശം ഉയര്‍ത്തുന്ന വെല്ലുവിളികളും തിരുവമ്പാടി കല്ലാടി മേഖലയിലെ പ്രകൃതി ദുരന്ത സാധ്യതകളും പരിഗണിച്ചാവും അന്തിമ രൂപരേഖ തയ്യാറാക്കുക.
തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ കര്‍ണാടകയില്‍ നിന്ന് മലബാര്‍ മേഖലയിലേക്കുള്ള ചരക്കുനീക്കം സുഗമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമരശേരി ചുരത്തിലെ വാഹന ബാഹുല്യം കുറയ്ക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.
Discussion about this post