കേരളത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള പരിഷ്‌ക്കാര നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാലിന പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയത്.
കൂടാതെ സംരംഭകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ടോള്‍ ഫ്രീ സംവിധാനം, ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്റെ പുതിയ പതിപ്പ്, ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെല്‍, ഇ-ന്യൂസ് ലെറ്ററായ ഇന്‍വെസ്റ്റ് കണക്റ്റ് എന്നിവയും പരിഷ്‌കാര നടപടികളിലുണ്ട്.
സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനാണ് ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കിയിരിക്കുന്നത്. 1800 890 1030 എന്ന നമ്പരിൽ ബന്ധപ്പെട്ട് സംശയങ്ങൾ തീർക്കാവുന്നതാണ്. സംരംഭം തുടങ്ങാന്‍ ഏതൊക്കെ അനുമതികള്‍ എവിടെ നിന്നെല്ലാം ലഭിക്കും , എവിടെ നിന്ന് ധന സഹായം ലഭ്യമാകും, എവിടെയൊക്കെ നിലവിൽ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ട് തുടങ്ങിയ എല്ലാ വിവരങ്ങളും ടോള്‍ ഫ്രീ നമ്പറില്‍ ലഭ്യമാണ്.
രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് എട്ടുമണി വരെ ആളുകള്‍ക്ക് വിളിക്കാവുന്നതാണ്. മലയാളത്തിലും ഇംഗ്ലീഷിലും സേവനങ്ങള്‍ ലഭിക്കും.
നിക്ഷേപം തുടങ്ങുന്നതിനുള്ള ലൈസന്‍സുകളും മറ്റ് അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ ആരംഭിച്ച കെ.സ്വിഫ്റ്റ് സംവിധാനവും പരിഷ്‌ക്കരിച്ചു. പുതിയ പതിപ്പായ കെ.സ്വിഫ്റ്റ് 2.0 വഴി ലൈസന്‍സുകളും അനുമതികളും പുതുക്കുന്നതിനും അവസരമുണ്ട്. എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം വഴിയുള്ള ഇന്‍സെന്റീവ് ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം, പ്രൊഫഷണല്‍ ടാക്‌സ് അടയ്ക്കുന്നതിനുള്ള സംവിധാനം എന്നിവയും ഇനി കെ.സ്വിഫ്റ്റിന്റെ ഭാഗമാണ്.
സംരംഭക അനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ട അഞ്ചംഗ സമിതിയെ സഹായിക്കാനാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിക്കുന്നത്. കോള്‍ സെന്റര്‍ വഴി പരിഹരിക്കപ്പെടാത്ത സംശയങ്ങള്‍ക്ക് നിവാരണം ഉണ്ടാക്കാന്‍ ഇൗ സെല്‍ സഹായിക്കും. വ്യവസായ സംബന്ധമായ അറിയിപ്പുകള്‍ നല്‍കുന്നതിനുള്ള പ്രതിമാസ ഇ-ന്യൂസ് ലെറ്ററാണ് ഇന്‍വെസ്റ്റ് കണക്ട്. പുതിയ വ്യവസായ സംരംഭങ്ങള്‍, നയപരമായ തീരുമാനങ്ങള്‍, സര്‍ക്കാരിന്റെ പദ്ധതികള്‍ എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ ഇൗ ന്യൂസ് ലെറ്ററില്‍ നല്‍കും.
Discussion about this post