തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി. നായരിട്ട വീഡിയോകള്‍ യൂട്യൂബ് നീക്കി. പൊലീസിന്റെ ആവശ്യപ്രകാരമാണ് യൂട്യൂബ് ചാനല്‍ തന്നെ നീക്കം ചെയ്തത്.
നേരത്തെ പോലീസിന്റെ ആവശ്യം യൂട്യൂബ് നിരസിച്ചിരുന്നു. വിജയിയെ കൊണ്ട് വീഡിയോ നീക്കം ചെയ്യിക്കാനായിരുന്നു നീക്കം.
അതേസമയം കേസില്‍ വിജയ് പി നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനു പിന്നാലെ കല്ലിയൂരിലെ വീട്ടില്‍ നിന്നാണു ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ചേര്‍ന്ന് വിജയ് പി.നായരെ മര്‍ദിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ പരാതിയിലാണ് പോലീസ് വിജയ് പി.നായരെ അറസ്റ്റ് ചെയ്തത്.
ഇയാളെ ലോഡ്ജ് മുറിയിലെത്തി മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളില്‍ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണു ഐടി നിയമ വകുപ്പുകളും ചുമത്തിയത്. 5 വര്‍ഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണിവ.
Discussion about this post