തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളേക്കാള്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത കേരളത്തിലുണ്ട്. ഒരു ഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിരുന്നു. എന്നാല്‍ അതിനിടെ ഉണ്ടാകാന്‍ പാടില്ലാ തരത്തില്‍ ചില അനുസരണക്കേടുകള്‍ കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായി. സമരങ്ങള്‍ കൂടിയതോടെ കേസുകളുടെ എണ്ണവും കൂടി. വീണ്ടും പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ ഇല്ലാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇതുവരെ 1,67, 939 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,14,530 പേര്‍ രോഗമുക്തി നേടി. കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവല്ല. ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ കേരളത്തില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നുള്ളൂ. ചിലര്‍ക്ക് പത്താം ദിവസവും മറ്റു ചിലര്‍ക്ക് പതിനഞ്ചാം ദിവസവും നെഗറ്റീവ് ആകും. നെഗറ്റീവ് ആകാന്‍ പലര്‍ക്കും വേണ്ടത് വ്യത്യസ്ത സമയമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തന്നെ നിര്‍ദേശം അനുസരിച്ച് രോഗി അഡ്മിറ്റായി നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന രീതി മറ്റു പലയിടത്തുമുണ്ട്. ഇവിടങ്ങളില്‍ കൂട്ടത്തോടെ ആളുകളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കേരളത്തില്‍ ഇത്തരത്തില്‍ ഡിസ്ചാര്‍ജ് ചെയ്യാറില്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post