കടലെടുക്കുന്ന ജീവിതം നോക്കി നിൽക്കാൻ ഇനിയവർ തയ്യാറല്ല.
തീരസംരക്ഷണത്തിനായുള്ള പ്രതിഷേധം ശക്തമാകുകയാണ് ചെല്ലാനത്ത്. തീരസംരക്ഷണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്ത് ഇന്ന് കടൽ സമാധി സമരം നടത്തി.
ചെല്ലാനം-കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ ഗൊണ്ടുപറമ്പ് കടൽത്തീരത്താണ് സമരം. 33 ഓളം സ്ത്രീകളാണ് സമരത്തിൽ പങ്കെടുത്തത്. യുദ്ധകാലാടിസ്ഥാനത്തിൽ കടൽഭിത്തി നിർമിക്കുക, പുനരധിവാസത്തിനു പകരം തീരസംരക്ഷണത്തിന് ഊന്നൽ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നിരാഹാര സമരം 333 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് കടൽ സമാധി സമരം അരങ്ങേറിയത്.
സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗൊണ്ടുപറമ്പ് കടൽത്തീരത്ത് പോലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ള സന്നാഹങ്ങൾ എത്തിയിരുന്നു. തീരദേശത്തെ ഇടവകകളിൽനിന്നുള്ള വൈദികരും സമരത്തിന് എത്തിയിരുന്നു. നൂറുകണക്കിന് സ്ത്രീകളും പുരുഷൻമാരുമാണ് കടലിൽ ഇറങ്ങിനിന്നു സമരത്തിന് പിന്തുണ നൽകിയത്.
Discussion about this post