തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തം.യൂത്ത് കോണ്‍ഗ്രസ് പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധ റാലി നയിച്ച വി.ടി.ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച സംഘടനകളാണ് പ്രതിഷേധത്തിന് മുന്‍നിരയിലുള്ളത്. പലയിടങ്ങളിലും പ്രതിഷേധക്കാരെ ഓടിക്കാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയെ എന്‍.ഐ.എ. ചോദ്യം ചെയ്തതോടെയാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചത്. മന്ത്രിയെ ചോദ്യം ചെയ്യുന്ന എന്‍.ഐ.എ. ഓഫീലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വഴിയില്‍ വെച്ചുതന്നെ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്തു എന്‍ഐഎ ഓഫീസിലേക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചു.
പാലക്കാട്ട് 200ഓളം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ജലപീരങ്കി പ്രയോഗവും ലാത്തിച്ചാര്‍ജുമുണ്ടായി. ഇതിന് പിന്നാലെ പ്രതിഷേധിക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ചെറാട്, ഹക്കീം കല്‍മണ്ഡപം എന്നിവര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
കൊല്ലത്ത് കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്തും കെ.എസ്.യു. നടത്തിയ മാര്‍ച്ചും അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Discussion about this post