തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിവരങ്ങള്‍ മാത്രം തേടിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യല്‍ ഉറപ്പായിരിക്കുന്നത്. മന്ത്രിസഭാംഗത്തെ ചോദ്യം ചെയ്തത് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.
നയതന്ത്ര ബാഗില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് മറയാക്കി പ്രതികള്‍ സ്വര്‍ണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്.സ്വപ്ന സുരേഷിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നതു മുതല്‍ തുടങ്ങിയതാണ് കെ.ടി.ജലീലിന്റെ പേരിലുള്ള വിവാദങ്ങള്‍. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിച്ചശേഷമാകും വീണ്ടും വിളിച്ചുവരുത്തുക. യുഎഇ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടാണ് സര്‍ക്കാര്‍ വാഹനത്തില്‍ മതഗ്രന്ഥങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.
അതേസമയം കെ.ടി.ജലീലിന്റെ രാജിക്കായുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങള്‍ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ഇന്ന് നടക്കും.മന്ത്രിക്കെതിരെ ഇന്നലെ രാത്രി വൈകി നടന്ന പ്രതിഷേധങ്ങള്‍ പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
എന്നാല്‍ നിലവില്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സിപിഐഎം. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മാത്രം മതിയെന്നാണ് പാര്‍ട്ടി നിലപാട്. സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുകടക്കുംവരെ മന്ത്രി മാറിനില്‍ക്കട്ടെയെന്ന ആവശ്യവും ഉയരുന്നുണ്ട്.
Discussion about this post