തിരുവനന്തപുരം: സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് അടുത്ത നാല് മാസത്തേക്ക് കൂടി മാസം തോറും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന നൂറു പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം. 88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസവും മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാനുള്ള ഉത്തരവ് പുറത്തിറങ്ങി. എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സര്‍ക്കാര്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്നത്.
കോവിഡ്- 19 മഹാമാരിക്കാലത്ത് ലോക്ഡൗണ്‍ സൃഷ്ടിച്ച ദുരിതത്തെ മറികടക്കാനാണ് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം തീരുമാനിച്ചത്. ലോക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത്. ഈ പദ്ധതിയോട് ജനങ്ങള്‍ നല്ല രീതിയില്‍ പ്രതികരിച്ചു. ഓണക്കാലത്തും സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങള്‍ക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ചു. കോവിഡ് – 19 തീര്‍ക്കുന്ന ദുരിതം തുടരുന്ന സാഹചര്യത്തില്‍ നമ്മുടെ ജനതയെ താങ്ങി നിര്‍ത്താന്‍ നാലു മാസത്തേക്ക് കൂടി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജനങ്ങളുടെ വിഷമഘട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യമാണ് നമ്മളെ നയിക്കുന്നത്.
Discussion about this post