തിരുവനന്തപുരം: കടല്‍ അങ്ങേയറ്റം പ്രക്ഷുബ്ധമായതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം. ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ തിരമാലകള്‍ 2 മുതല്‍ 2.7 മീറ്റര്‍ വരെ ഉയരാം. ഇവിടങ്ങളില്‍ കടലാക്രമണ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും മുന്നറിയിപ്പു നല്കി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിര്‍ദേശം നല്കി.
അതേസമയം കേരളത്തില്‍ അഞ്ച് ദിവസംകൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച വരെ വ്യാപകമായി ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അറബിക്കടലിലുണ്ടായ ന്യൂനമര്‍ദമാണ് കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം. ന്യൂനമര്‍ദം കര്‍ണാടക തീരത്തേക്കു നീങ്ങിയിട്ടുണ്ട്. അതിനാല്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ പെയ്യുമെന്നു കരുതുന്നു.
Discussion about this post