തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസിന്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം കല്ലറയ്ക്ക് സമീപം പാങ്ങോട് ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിലാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണ് ഇയാള്‍.
കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറത്ത് വീട്ടുജോലിക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വാറന്റീനിലായിരുന്നു യുവതി. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയില്‍ കോവിഡില്ലന്ന് സ്ഥിരീകരിച്ചു. ഈ സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിനെ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരാനാവശ്യപ്പെട്ടു. മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ അന്ന് രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കി.
വെള്ളറട പൊലീസില്‍ നല്‍കിയ പരാതി പാങ്ങോട് പൊലീസിന് കൈമാറിയതോടെയാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയെ പീഡനം നടന്ന ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. മൊഴിയിലെ ചില കാര്യങ്ങളില്‍ വ്യക്തത കുറവുണ്ടങ്കിലും പരാതി ഗൗരവമുള്ളതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സര്‍ട്ടിഫിക്കറ്റിനായി യുവതിയെ വീട്ടിലേക്ക് വിളിച്ചെന്ന് പ്രദീപും സമ്മതിച്ചിട്ടുണ്ട്.
Discussion about this post