തിരുവനന്തപുരം: ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ നിര്‍ത്തും. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നായിരിക്കും ഇനി അറിയപ്പെടുക. ഇന്ധന ചെലവ് കുറയ്ക്കാന്‍ നഷ്ടത്തിലുള്ള ഷെഡ്യൂളുകള്‍ പരമാവധി സ്റ്റേ സര്‍വീസുകളാക്കി മാറ്റും. ബസ് ഷെഡ്യൂള്‍ പുനഃക്രമീകരിച്ചതിന്റെ ഭാഗമായിട്ടാണ് പുതിയ മാറ്റങ്ങള്‍.
അഞ്ചു മാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും ക്യാഷ് ലെസ് ടിക്കറ്റ് മെഷീനുകള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. അതേസമയം ഓര്‍ഡിനറി കുറവുള്ള മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പഴയ രീതി തുടരും. ജൂണില്‍ കിട്ടിയ 32 കോടിയില്‍ 22 കോടിയും ജൂലൈയിലെ 21 കോടിയില്‍ 14 കോടിയും ഡീസലിനാണ് ചെലവിട്ടത്. ഒരു കിലോമീറ്ററിന് മാത്രം ഇന്ധന ചെലവ് 20 രൂപ.
ചെലവ് കുറയ്ക്കാന്‍ പ്രധാന നിര്‍ദേശങ്ങള്‍
നഷ്ടത്തിലുള്ള മുഴുവന്‍ സര്‍വീസും നിര്‍ത്തുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുക. രാവിലെയും വൈകീട്ട് തിരിച്ചും യാത്രക്കാരെ തീരെ കിട്ടാത്ത ഷെഡ്യൂളുകള്‍ നഗരാതിര്‍ത്തിക്ക് പുറത്തേക്ക് മാറ്റി സ്റ്റേ സര്വീസുകളാക്കുക. ഇതിലെ ജീവനക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നുള്ള ദൂരം കണക്കാക്കി കിലോമീറ്ററിന് രണ്ടു രൂപ വീതം പ്രത്യേക അലവന്‍സ് നല്‍കും.
ഈ മാസം അവസാനത്തോടെ റൂട്ടുകളുടെ പുനക്രമീകരണം പൂര്‍ത്തിയാക്കണം. ഓരോ ഡിപ്പോയും ഡീസല്‍ ചെലവ് 15 ശതമാനം കുറയ്ക്കുന്നതിനൊപ്പം വരുമാനം 25 ശതമാനം വര്‍ധിപ്പിക്കണം. ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതോടെ സര്‍വീസുകളുടെ വിവരങ്ങള്‍, ബസിന്റെ തല്‍സമയ ലൊക്കേഷന്‍, സീറ്റ് ലഭ്യത എന്നിവ യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പില്‍ ലഭ്യമാകും. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വയിപ് ചെയ്യാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്തും. ഇതിനായി 17 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
Discussion about this post