ന്യൂഡല്‍ഹി: രാജ്യം ഇന്ന് 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ചെങ്കോട്ടയിലെത്തി പതാക ഉയര്‍ത്തി. സ്വയംപര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ഇന്ത്യ മറികടക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. രാജ്യത്തിന്റെ പോരാട്ടം വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കോവിഡ് കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢനിശ്ചയം സ്വീകരിച്ചു. ഇന്ന് ഇന്ത്യ ചിന്തിക്കുന്നത് ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ്. ഈ സ്വപ്‌നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണെന്നും 130 കോടി വരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി ആത്മനിര്‍ഭര്‍ ഭാരത് മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകള്‍ നടക്കുന്നത്. വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലും നൂറോളം അതിഥികള്‍ മാത്രമേ പങ്കെടുക്കൂ. ഇവരില്‍ 26 പേര്‍ ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെയുള്ള കോവിഡ് പോരാളികളാണ്.
രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ട്വിറ്ററിലൂടെയും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
Discussion about this post