തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു.
1936ല്‍ ആലപ്പുഴ ചുനക്കരയിലാണ് ജനനം. പന്തളം എന്‍എസ്എസ് കോളേജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് ആകാശവാണിയില്‍ പാട്ടുകളെഴുതാന്‍ അവസരം ലഭിച്ചു. 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1978ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സര കന്യക എന്ന ഗാനത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള ചുവടുവെപ്പ്. എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ‘ദേവദാരു പൂത്തു എന്‍ മനസില്‍ താഴ്വരയില്’, അധിപനിലെ ‘ശ്യാമമേഘമേ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഗാനങ്ങള്‍ രചിച്ചു. 2015ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്കാരം ലഭിച്ചു.
പരേതയായ തങ്കമ്മയാണ് ഭാര്യ. മക്കള്‍: രേണുക, രാധിക, രാഗിണി.
Discussion about this post