കരിപ്പൂര്‍: കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് താഴേക്ക് പതിച്ച് രണ്ടായി പിളര്‍ന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ പൈലറ്റടക്കം രണ്ട് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ ദീപക് വസന്താണ് മരിച്ചത്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതര പരിക്കേറ്റു. യാത്രക്കാര്‍ക്കും ഗുരുതര പരിക്കാണുള്ളത്.
രാത്രി 8 മണിയോടെയാണ് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനം അപകടത്തില്‍പ്പെട്ടത്. 177 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കൊണ്ടോട്ടി ആശുപത്രിയിലെത്തിച്ചവരുടെയെല്ലാം നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ലാന്‍ഡിങ്ങിനിടെയാണ് വിമാനം തെന്നിമാറിയത്. കനത്ത മഴയുണ്ടായിരുന്നു ഈ സമയത്ത്. തെന്നി മാറിയ വിമാനം കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചത്. തുടര്‍ന്ന് രണ്ടായി പിളരുകയായിരുന്നു.
ദുരന്ത നിവാരണ അതോറിറ്റി അധികൃതരും കോഴിക്കോട് -മലപ്പുറം ജില്ലകളിലെ ജീവന് രക്ഷാ സംവിധാനങ്ങളും കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493
Discussion about this post