കോവിഡിനെതിരെ പൊരുതാം ; കൂട്ടിനുണ്ട് ആരോഗ്യ പോളിസികള്‍
കോവിഡിനു എതിരെ പോരാടാനായി ഇന്‍ഷുറന്‍സ് ഡവലപ്പ്‌മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം കോവിഡ് രോഗബാധയുണ്ടാകുന്നവര്‍ക്ക് പരിരക്ഷ ലഭ്യമാക്കുന്നുണ്ട്. കൊറോണ കവച്,കൊറോണ രക്ഷക് എന്നീ പേരുകളിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേന പരിരക്ഷ ലഭ്യമാക്കിയിരിക്കുന്നത്.
എല്ലാ ജനറല്‍- ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും കൊറോണ കവച് പോളിസികള്‍ എടുക്കാവുന്നതാണ്. 50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് സംരക്ഷണ പരിധികള്‍. മൂന്നര മാസം മുതല്‍ ഒമ്പത് മാസം വരെയാണ് ഇവയുടെ കാലാവധി.18 വയസ്സ് മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്ക് വേണ്ടിയാണ് നിലവിലെ പോളിസികൾ.പോളിസി എടുത്ത് 15 ദിവസം കഴിഞ്ഞു മാത്രമേ സംരക്ഷണം ആരംഭിക്കൂകയുള്ളൂ.
പോളിസി ഉടമയുടെ കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ ബാക്കിയുള്ള അംഗങ്ങളുടെ പേര് കൂടി ചേര്‍ത്ത് ഫ്ലോട്ടര്‍ പോളിസികള്‍ ആയും എടുക്കാന് കഴിയും എന്ന നേട്ടവുമുണ്ട്.കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വന്നാല്‍ ഉണ്ടാകുന്ന ആശുപത്രി ചെലവും ആനുകൂല്യമായി ലഭിക്കും.കൂടാതെ ചെലവായ തുക തിരികെ ലഭിക്കാനും,പണം നല്‍കാതെ ചികിത്സ നേടാനും മാര്‍ഗങ്ങളുണ്ട്. 14 ദിവസം വരെ വീട്ടില്‍ എടുക്കുന്ന ചികിത്സ ചെലവുകള്‍ക്കും അര്‍ഹതയുണ്ട്.
പരിരക്ഷത്തുകയുടെ 0.5% തുക ഹോസ്പിറ്റല്‍ ഡെയ്‌ലി ക്യാഷ് എന്ന രീതിയില്‍ ലഭിക്കാനുള്ള പോളിസിയുമുണ്ട്. പോളിസി ഉടമയുടെ പ്രായം, പരിരക്ഷത്തുക, ഇന്‍ഷുറന്‍സ് കാലാവധി എന്നിവ പരിഗണിച്ചാണ് പ്രീമിയം തുക ലഭ്യമാക്കുക.നിലവിലുള്ള പോളിസികളില്‍ കുറഞ്ഞ പരിരക്ഷത്തുകയുള്ളവര്‍ , നേരത്തെ ഉള്ള രോഗങ്ങള്‍ക്ക് പരിരക്ഷ കിട്ടാത്തവർ എന്നിങ്ങനെയുള്ളവര്‍ക്കും കൊറോണ കവച് പ്രയോജനം ചെയ്യും.
സര്‍ക്കാര്‍ ചികിത്സ സംവിധാനങ്ങള്‍ മുഖേന ചികിത്സ ഉറപ്പാക്കുന്നവര്‍ക്ക് കൊറോണ രക്ഷക് പോളിസിയാണ് ഉചിതം.ചുരുക്കം ചില ഇന്‍ഷുറന്‍സ് കമ്പനികളിലാണ് ഈ പോളിസി ലഭ്യമാക്കിയിട്ടുള്ളത്. 50000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ സുരക്ഷാപരിധിയുള്ള പോളിസി 65 വയസ്സ് വരെയുള്ളവര്‍ക്ക് എടുക്കാവുന്നതാണ് .
ഓര്‍ക്കുക , രോഗബാധ ഉണ്ടായാല്‍ ജോലിക്ക് പോകാന്‍ കഴിയാതെ കുടുംബത്തിന്‍റെ വരുമാനം നിലച്ചുപോകുമല്ലോ എന്നാശങ്കപ്പെടുന്നവര്‍ക്ക് കൊറോണ രക്ഷക് പോളിസി ആശ്വാസമേകും.
അംഗീകൃത പരിശോധന ലാബുകളിലെ പരിശോധനയില്‍ നിന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ ഇന്‍ഷുറന്‍സ് തുക ഒരുമിച്ച് ലഭിക്കുന്ന ബെനിഫിറ്റ് പോളിസി കൂടിയാണ് കൊറോണ രക്ഷക്.ഇവയില് വ്യക്തിഗത പോളിസി മാത്രമാണുള്ളത്. ക്ലൈയിം ചെയ്ത് പണം വാങ്ങുന്നതോടെ പോളിസിയും അവസാനിക്കുന്നു.105 ദിവസങ്ങള്‍ ,195 ദിവസങ്ങള്‍, 285 ദിവസങ്ങള്‍ എന്നിങ്ങനെയാണ് പോളിസി കാലാവധി.
ആരോഗ്യ സഞ്ജീവനി ഉള്‍പ്പെടെയുള്ള ആരോഗ്യ പോളിസികള്‍ എടുത്തിട്ടുള്ളവര്‍ക്ക് കോവിഡ് രോഗചികിത്സയ്ക്കുള്ള ക്ലൈയിം ലഭിക്കും. രോഗവ്യാപന കാലത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ പരമാവധി കാലാവധിയില്‍ പോളിസി എടുക്കുന്നതാണ് ഗുണകരം. കൊറോണ പോളിസികള്‍ വീണ്ടും പുതുക്കി നല്‍കാത്തതും , ഒറ്റത്തവണ പ്രീമിയം അടച്ചെടുക്കേണ്ടതുമാണ് എന്ന പ്രത്യേകതയുമുണ്ട്.
Discussion about this post