തിരുവനന്തപുരം: കോവിഡ് കാലത്ത് ഓണ്‍ലൈന്‍പഠന സൗകര്യമില്ലാതിരുന്ന വിതുര കല്ലുപാറ ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ കുട്ടികള്‍ക്ക് സഹായഹസ്തവുമായി പോലീസ്. ഓണ്‍ലൈന്‍ പഠനസംവിധാനങ്ങളെക്കുറിച്ച് കേട്ടറിവുപോലുമില്ലാതിരുന്ന ഈ ഊരിലേയ്ക്ക് ഇലക്ട്രോണിക് പഠനോപകരണങ്ങളുമായി പോലീസ് നടന്നുകയറി, ഒപ്പം എന്തിനും തയ്യാറായി വിതുര ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അധ്യാപകരും.
വിതുര ജംഗ്ഷനില്‍ നിന്ന് ആറ് കിലോമീറ്റര്‍ ഉള്ളിലാണ് കല്ലുപാറ സെറ്റില്‍മെന്റ് കോളനി. വാഹനമെത്തുന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ കുത്തനെ മലകയറി എത്തുന്നിടത്താണ് കോളനി. 19 കുടുംബങ്ങളുളള ഊരിലെ താമസക്കാരുടെ ക്ഷേമം അന്വേഷിക്കാനെത്തിയ വിതുര സബ്ബ് ഇന്‍സ്പെക്ടര്‍ എസ്.എല്‍ സുധീഷിനോട് ലോക്ഡൗണ്‍ തുടങ്ങിയതോടെ തങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമില്ലാത്ത കാര്യം അവര്‍ അറിയിച്ചിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം നേടുന്ന പത്ത് കുട്ടികളാണ് ഊരിലുളളത്.
ഇതേതുടര്‍ന്നാണ് പോലീസിന്റെ ഇ-വിദ്യാരംഭം വഴി കുട്ടികള്‍ക്കായി ടിവിയും ടാബും ഉള്‍പ്പെടെയുളള പഠനോപകരണങ്ങള്‍ ലഭ്യമാക്കിയത്. അതിലൊരാള്‍ക്ക് പോലീസ് ആസ്ഥാനത്ത് വച്ച് സംസ്ഥാനപോലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്നെ പഠനോപകരണം നേരിട്ട് നല്‍കുകയും ചെയ്തു.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അധ്യാപകരും ചേര്‍ന്ന് കസേര, വൈറ്റ്ബോര്‍ഡ്, ടാബ് ലെറ്റുകള്‍, പുസ്തകം, ബുക്ക് തുടങ്ങി മറ്റ് പഠനോപകരണങ്ങളും സംഘടിപ്പിച്ചെത്തിച്ചു. മേശയും കസേരയും ടിവിയും മറ്റ് ഓണ്‍ലൈന്‍ പഠനോപകരണങ്ങളുമായി പോലീസ് സംഘം മലകയറിയെത്തിയപ്പോള്‍ ഇതൊന്നും വയ്ക്കാനും കുട്ടികളെ ഇരുത്തി പഠിപ്പിക്കാനും സ്ഥലമില്ലായിരുന്നു. തങ്ങളുടെ കുട്ടികളുടെ അക്ഷരാഭ്യാസത്തിനായി പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഓടിയെത്തിയത് കണ്ട രക്ഷകര്‍ത്താക്കാള്‍ കൈമെയ് മറന്ന് അധ്വാനിച്ചു. അഞ്ച് ദിവസം കൊണ്ട് മുന്നൂറ് ചതുരശ്ര അടിയില്‍ പ്രൊജക്ടര്‍, ടി.വി, ബോര്‍ഡ് എന്നിവ സജ്ജീകരിക്കാനുളള സംവിധാനത്തോടെ ഈറ്റയും മുളയുമുപയോഗിച്ച് കോവിഡ്കാല പ്രത്യേക ക്ലാസ് റൂം തയ്യാറായി.
വിതുര സ്കൂളിലെ സ്റ്റുഡന്റ് പോലീസ് പ്രവര്‍ത്തകരും കുട്ടികളും പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരായി. തങ്ങളുടെ സ്കൂളില്‍ തന്നെ പഠിച്ചുകൊണ്ടിരുന്ന കുട്ടികളായിരുന്നെങ്കിലും അവര്‍ ഇത്രയും ദുര്‍ഘടമായ സാഹചര്യങ്ങള്‍ താണ്ടിയാണ് സ്കൂളിലെത്തിയിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിതുര സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നുദിവസം ഇവിടെ പോലീസുദ്യോഗസ്ഥരും അധ്യാപകരും ചേര്‍ന്ന് ക്ലാസുകളെടുക്കുന്നു. ഒപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞുപോയ ക്ലാസ്സുകള്‍ കാണാനായി ഓഫ് ലൈന്‍ പഠനത്തിനുളള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ടെലഫോണ്‍ വഴിയുളള സംശയനിവാരണത്തിനും ഇവര്‍ എപ്പോഴും തയ്യാറാണ്.
Discussion about this post