തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ പുതുതായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ഏറ്റവും അപകടകരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്. കോവിഡ് മഹാമാരിയുടെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള റിവേഴ്സ് ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വയോജനങ്ങള്‍ വീടുകളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും സുരക്ഷിതരായി കഴിയണം. ഇങ്ങനെ കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുമായാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
1800 425 2147 എന്ന നമ്പരില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വിളിക്കാവുന്നതാണ്. സാമൂഹ്യനീതി വകുപ്പിന്റെ ലിസ്റ്റ് പ്രകാരം അങ്ങോട്ട് വിളിച്ചും വയോജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതാണ്. വയോജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞ് ആരോഗ്യ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടേയും സഹായത്തോടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പ് വരുത്തുന്നു. സൈക്കോ സോഷ്യല്‍ പരിപാടിയുടെ ഭാഗമായി കൗണ്‍സിലര്‍മാരുടെ സേവനവും ലഭ്യമാക്കുന്നു.
Discussion about this post