തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന ചെന്നിത്തലയുടേത് പ്രത്യേക മാനസികനിലയാണ്. അദ്ദേഹത്തിന്റെ പ്രത്യേക മാനസികനിലയ്ക്ക് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകിട്ടണമെന്നാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നത്. ഇതിനായി അദ്ദേഹം പല പ്രസതാവനകളും ഓരോ ദിവസവും നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് മുമ്പ് തന്നെ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്ന ചെന്നിത്തലയുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്കി. സാധ്യതാപഠനത്തിനാണ് കണ്‍സള്‍ട്ടന്റിനെ നിയമിച്ചത്. ഭൂമി കയ്യില്‍ കിട്ടുന്നത് വരെ അതിന് കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്ല്യാണം പോലെയാവും. സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയാണെന്ന് നൂറു ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് സാധ്യതാപഠനം നടത്താന്‍ തീരുമാനിച്ചതെന്നും നിയമനം സുതാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങിയ സമിതിയാണ് കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുത്തത്. സാങ്കേതിക യോഗ്യതകള്‍ അനുസരിച്ച് മൂന്ന് സ്ഥാപനങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ലഭിച്ച ലൂയിസ് ബര്‍ഗര്‍ എന്ന സ്ഥാപനത്തെ കണ്‍സള്‍ട്ടന്‍സിയായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post