ആറ്റിങ്ങൽ: ക്വാറന്റൈനിലായ ദേവസ്വംവിള കോളനി നിവാസികൾക്കുള്ള അരിയും പലവ്യഞ്ജനങ്ങളും നഗരസഭ നൽകി.
വൈറസ് ബാധ സ്ഥിരീകരിച്ച മടത്തറ സ്വദേശിയായ യുവാവ് 4 ദിവസം മുമ്പ് കോളനിയിലെ ഒരു വീട്ടിൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് വീട്ടുകാരുൾപ്പടെ കോളനി നിവാസികളോട് സ്വയം നിരീക്ഷണത്തിൽ പോകാൻ നഗരസഭ നിർദ്ദേശിച്ചിരുന്നു.
പ്രൈമറി കോൺടാക്റ്റിൽ ഉൾപ്പെട്ട വ്യക്തിയും തുടർന്ന് സാമൂഹ്യ വ്യാപന സാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിൽ പോയ മറ്റുള്ളവരും എല്ലാ ദിവസവും കൂലിപ്പണിക്ക് പോയാണ് അന്നന്ന് അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നത്. അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്തിൽ തികച്ചും കയ്യിൽ ആവശ്യത്തിന് ഭക്ഷ്യ സാധനങ്ങൾ വാങ്ങാനുള്ള സാഹചര്യമില്ലാ എന്നത് നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ ശ്രദ്ധയിൽപ്പെടുകയും. തുടർന്ന് കോളനിയിലെ ഏകദേശം പതിനഞ്ചിൽ പരം കുടുംബങ്ങൾക്കാവശ്യമായ ഭക്ഷ്യസാധനങ്ങളും കുട്ടികൾക്ക് ബിസ്കറ്റുൾപ്പടെയുള്ള ചെറു പലഹാരങ്ങളും നഗരസഭ വിതരണം ചെയ്തത്. കൂടാതെ ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ കോളനിയും പരിസരവും ശുചീകരണ വിഭാഗം ഡിസ് ഇൻ ഫെക്ഷനും ചെയ്തു.
ഈ മാസം 28 നാണ്പ്രൈമറി കോൺടാക്റ്റ് ലിസ്റ്റിലുള്ള യുവതിയെ ശ്രവ പരിശോധനക്കായുള്ള ആന്റിജൻ ടെസ്റ്റിന് വിധേയയാക്കുന്നത്. അതുവരെ കോളനിവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള എല്ലാ ഭൗതിക സാഹചര്യവും നഗരസഭ ഒരുക്കുമെന്നും ചെയർമാൻ അറിയിച്ചു. കൗൺസിലർ ഗീതാകുമാരി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഹാസ്മി,അജി,വിനോദ്, വാർഡ് ദുരന്ത നിവാരണ കമ്മിറ്റി അംഗങ്ങളായ എം.മുരളി, സി.ചന്ദ്രബോസ്, പ്രഭൻ, ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post