തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതിയിലും സ്വര്‍ണക്കടത്തു കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിന്റെ ദയനീയാവസ്ഥയില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് കോടിയേരിയുടെ പ്രസ്താവന. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്നായിരുന്നു കോടിയേരിയുടെ ആരോപണം. രാവിലെ ബിജെപി അധ്യക്ഷന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ ചെന്നിത്തല ഉച്ചയ്ക്ക് അത് ഏറ്റുപറയുന്നെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു. യുഡിഎഫ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലാത്തൊരാള് വരണമെന്നാണ് ആര്‍എസ്എസിന്റെ മനസ്സിലെന്നും ഇതിന് ആവശ്യമായ സഹായമാണ് ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് ചെയ്തുകൊടുക്കുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നിരിക്കുന്നത്.
സമീപകാലത്ത് സ്പ്രിംഗ്ളര്‍, ബെവ്കോ, ഇ മൊബിലിറ്റി അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സിപിഐഎമ്മിന്റെ പക മനസിലാക്കാവുന്നതേയുള്ളു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ തന്ത്രവും ജനങ്ങള്‍ക്കു മനസിലാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ എല്ലാകാലത്തും ഉറച്ച നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന യാഥാര്‍ത്ഥ്യം കോടിയേരി മറക്കരുതെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Discussion about this post