ന്യൂഡല്‍ഹി: പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം രാജ്യത്ത് ഇന്ന് മുതല്‍ നിലവില്‍ വന്നു. ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് തടയിടുന്നതും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പാക്കുന്നതുമാണ് പുതിയ നിയമം. 34 വര്‍ഷം പഴക്കമുളള നിയമമാണ് ഇപ്പോള്‍ പൊളിച്ചെഴുതിയിരിക്കുന്നത്.
ഇക്കഴിഞ്ഞ 15നായിരുന്നു 2019 ഓഗസ്റ്റ് 6-ന് പാര്‍ലമെൻറ് പാസ്സാക്കിയ നിയമത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത്. ഉല്‍പ്പന്നത്തിന്റെ അളവ്, ഗുണനിലവാരം, വില എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തവര്‍ക്കെതിരെ ഉപഭോക്താവിന് പരാതി നല്‍കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യാം. തട്ടിപ്പിനിരയാകുന്ന ഉപഭോക്താവിന്റെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നേരത്തെ ദേശീയ, സംസ്ഥാന, ജില്ലാതല ഫോറങ്ങളുണ്ടായ സംസ്ഥാനത്ത് ഇനി മുതല്‍ കമ്മീഷനാണ് ഉണ്ടാവുക.
ജില്ലാ കമ്മീഷനിലോ സംസ്ഥാന കമ്മീഷനിലോ ദേശീയ കമ്മീഷനിലോ പരാതി നല്‍കിയാല്‍ അത് മൂന്നു മാസത്തിനകം തീര്‍പ്പാക്കണം. ഉല്‍പ്പന്നത്തിന്റെ ലബോറട്ടറി ടെസ്റ്റ് ആവശ്യമെങ്കില്‍ അഞ്ച് മാസം വരെ സമയമെടുക്കാം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ അതിന്റെ ബാധ്യത പരസ്യങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കും ഉല്‍പ്പാദകര്‍ക്കും ഉണ്ടാകും.
പരമാവധി 20 ലക്ഷം രൂപ വരെ മൂല്യമുളള ഉല്‍പ്പന്നങ്ങളുടെ കേസുകള്‍ ആയിരുന്നു ജില്ലാ ഉപഭോക്തൃ ഫോറത്തിന് കൈകാര്യം ചെയ്യാവുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം ജില്ലാ കമ്മീഷന് ഒരു കോടി രൂപ വരെയുളള കേസുകള്‍ പരിഗണിക്കാം. സംസ്ഥാന കമ്മീഷന് 10 കോടി രൂപ വരെയുളള കേസുകളും. 10 കോടി രൂപയ്ക്ക് മുകളിലുളള ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ കേസുകള്‍ ദേശീയ കമ്മീഷനാണ് പരിഗണിക്കേണ്ടത്.
1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് ഉല്‍പ്പന്നം സംബന്ധിച്ച് പരാതി നല്‍കണമെങ്കില്‍ ഉല്‍പ്പാദകനോ വില്‍പ്പനക്കാരനോ താമസിക്കുന്ന സ്ഥലത്തോ തൊഴില്‍ ചെയ്യുന്ന സ്ഥലത്തോ വേണമായിരുന്നു. അല്ലെങ്കില്‍ ഉല്‍പ്പന്നം വാങ്ങിയ സ്ഥലത്ത്. എന്നാല്‍ ഇനി മുതല്‍ ഉപഭോക്താവ് താമസിക്കുന്ന സ്ഥലത്തോ ജോലി ചെയ്യുന്ന സ്ഥലത്തോ പരാതി നല്‍കാം. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനുളള സ്വാതന്ത്ര്യം നല്‍കുന്നു.
Discussion about this post