കൊച്ചി : സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രതയോടെ പെരുമാറണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ആളുകൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ബ്രേക്ക് ദി ചെയിൻ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വാർഡ് തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ് എൻഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി. പഞ്ചായത്ത് തല ഉദ്യോഗസ്ഥരും രണ്ട് വോളണ്ടീർമാരും ടീമിൽ ഉണ്ടാവണം. ടീമിന്റെ രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ നേതൃത്വം നൽകണം. ടീമിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആർ. ആർ. ടി. ടീമിനായിരിക്കും. ആർ. ആർ. ടി യോഗത്തിൽ വില്ലേജ് ഓഫീസറും എസ്. ഐ /എസ്. എച്ച്. ഒ എന്നിവർ പങ്കെടുക്കണം.
സോഷ്യൽ ഡിസ്റ്റൻസിങ് ടീമിന്റെ പ്രവർത്തനങ്ങൾ :
• എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കൂട്ടം കൂടി നിൽക്കുന്നില്ലെന്നും ഉറപ്പാക്കണം
• എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കൈ കഴുകാൻ ഉള്ള സംവിധാനമോ ഹാൻഡ് സാനിറ്റൈസറുകളോ ഉണ്ടെന്ന് ഉറപ്പാക്കണം.
• സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും പുറത്തു നിന്നു വരുന്നവരും മാസ്ക് ധരിക്കണം. മാസ്ക് ധരിക്കാത്തവർ പൊതു സ്ഥലങ്ങളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം.
• ആളുകൾ പൊതു സ്ഥലങ്ങളിൽ തുപ്പുന്നില്ലെന്നും വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം
• ആവശ്യമില്ലാതെ ആളുകൾ വീടിന് പുറത്തിറങ്ങുന്നില്ലെന്നും പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കണം
• അനാവശ്യമായി ആളുകൾ പുറത്തിറങ്ങുകയോ നിയമ ലംഘനം നടത്തുകയോ ചെയ്താൽ കോവിഡ് 19 ജാഗ്രത പോർട്ടലിൽ പബ്ലിക്സർവ്വീസ് ടാബിന് കീഴിൽ ചിത്രം സഹിതം നിയമ ലംഘനം പോസ്റ്റ് ചെയ്യണം
• സോഷ്യൽ ഡിസ്റ്റൻസിങ് എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ പ്രവർത്തനം തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരുടെ ചുമതല ആയിരിക്കും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മുൻസിപ്പൽ സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി എന്നിവർ പ്രവർത്തനങ്ങൾക്ക് വീഴ്ച വരുത്തുന്നില്ലെന്ന് ഉറപ്പാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർ /മെഡിക്കൽ ഓഫീസർ നിർദേശിക്കുന്ന ഉദ്യോഗസ്ഥനെ ടീമിൽ ഉൾപ്പെടുത്തണം.
• താലൂക്ക് തല നോഡൽ ഓഫീസർമാരായ സബ് കളക്ടർ, മുവാറ്റുപുഴ ആർ. ഡി. ഒ, ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ അവരുടെ താലൂക്കുകളിൽ നിയമ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പാക്കണം
• പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും പിഴ ഈടാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരെയോ മറ്റു ഉദ്യോഗസ്ഥരെയോ ചുമതലപെടുത്താം. ഈ ഉദ്യോഗസ്ഥർ നോട്ടീസ് നൽകി പിഴ ഈടാക്കണം.
Discussion about this post