തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. കോവിഡ് രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകള്‍ ആവശ്യമില്ല.
രോഗം ബാധിച്ചശേഷം നടത്തുന്ന ആദ്യ പിസിആര്‍ പരിശോധന ഫലം നെഗറ്റീവായാല്‍ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാം. ഏത് വിഭാഗത്തില്‍ പെട്ട രോഗികളും രണ്ടാമത്തെ പരിശോധനയില്‍ പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ നെഗറ്റീവ് ആകും വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണം. ഡിസ്ചാര്‍ജ് കഴിഞ്ഞാല്‍ 7 ദിവസം നിരീക്ഷണം തുടരണം.
ഐസിഎംആറും ലോകാരോഗ്യസംഘടനയും നേരത്തെ തന്നെ ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ജാഗ്രതയും നിരീക്ഷണവും ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം ഈ നിര്‍ദേശം നടപ്പാക്കിയിരുന്നില്ല.
പാലക്കാടും മലപ്പുറത്തും ഒരു മാസത്തിലേറെയായി രോഗികള്‍ ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ ആണ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് ഫലം നെഗറ്റീവായാല്‍ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് തീരുമാനം.
രോഗികളെ പല വിഭാഗങ്ങളായി തിരിച്ചാകും ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍ ചെയ്യുക. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും പത്താം ദിവസം പരിശോധനയ്ക്ക് വിധേയമാക്കും. പനി, തൊണ്ടവേദന അടക്കം ലക്ഷണങ്ങളോടെ കാറ്റഗറി ബി യില്‍ പെടുന്ന രോഗികള്‍ക്ക് ലക്ഷണം മാറിയാല്‍ പതിനാലാം ദിവസം പരിശോധന നടത്തണം. നെഗറ്റീവ് ആയാല്‍ അവരേയും ഡിസ്ചാര്‍ജ് ചെയ്യാം.
ന്യുമോണിയ അടക്കം ലക്ഷണങ്ങളോടെ എത്തുന്ന രോഗികളോ ഗുരുതരാവസ്ഥയിലുളളവരോ ആണെങ്കില്‍ പതിനാലാം ദിവസം വീണ്ടും പിസിആര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ രോഗ തീവ്രത കുറയുന്ന മുറയ്‌ക്കോ ചികില്‍സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരമോ പരിശോധന നടത്തണം. പരിശോധന ഫലം നെഗറ്റീവ് ആയാല്‍ രോഗിയുടെ ആരോഗ്യനില പരിഗണിച്ച് ഡിസ്ചാര്‍ജ് ചെയ്യാം. രണ്ടാം പിസിആര്‍ പരിശോധനയിലും പോസിറ്റീവാകുന്ന രോഗികള്‍ക്ക് നെഗറ്റീവ് ഫലം കിട്ടിയശേഷമേ ഡിസ്ചാര്‍ജ് ചെയ്യൂ.
Discussion about this post