ഇടുക്കി: മറ്റ് ഡാമുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇടുക്കി ഡാം. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഈ പദ്ധതി ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ്. 168.91 മീറ്റര്‍ ഉയരമുള്ള ഇടുക്കി ആര്‍ച്ച് ഡാമാണ് ഇതില്‍ ശ്രദ്ധേയം.
കനേഡിയന്‍ സാങ്കേതിക സഹകരണത്തോടെ നിര്‍മ്മിച്ച ഈ ഡാം കേരളത്തിലെ അദ്ഭുതക്കാഴ്ചകളിലൊന്നാണ്. പെരിയാറിന് കുറുകെ കുറവന്‍, കുറത്തി എന്നീ രണ്ട് മലകളെ ബന്ധിപ്പിച്ചാണ് ആര്‍ച്ച് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 60 കിലോമീറ്റര്‍ ചുറ്റളവിലാണ് സംഭരണിയില്‍ വെള്ളമുള്ളത്. മൂന്ന് ഡാമുകളില്‍ ചെറുതോണി ഡാമിന് മാത്രമാണ് അഞ്ച് ഷട്ടറുകള്‍ ഉള്ളത്. ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. അതുകൊണ്ട് തന്നെ വെള്ളം നിറയുമ്പോള്‍ ഷട്ടറുകള്‍ തുറക്കുന്നതും ചെറുതോണി ഡാമിന്റേതാണ്.
സമുദ്ര നിരപ്പില്‍ നിന്നും 2373 അടി ഉയരത്തിലാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതായത് ജലനിരപ്പ് 2373 അടിയിലേറെ ഉയരത്തില്‍ എത്തിയെങ്കില്‍ മാത്രമേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ കഴിയുകയുള്ളൂ. പലരും കരുതുന്നത് പോലെ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നത് അനുസരിച്ച് ഷട്ടറുകള്‍ തുറക്കാനോ അതിലൂടെ ജലം ഒഴുക്കി വിടാനോ കഴിയില്ല.
ഇടുക്കി ജലാശയം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളില്‍ കൂടെ മാത്രമേ അധിക ജലം ഒഴുക്കി കളയാന്‍ കഴിയുകയുള്ളൂ. 2338 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഈ സാഹചര്യത്തില്‍ 35 അടി കൂടി വെള്ളം ഉയര്‍ന്നാല്‍ മാത്രമേ ഷട്ടര്‍ സ്ഥാപിച്ചിട്ടുള്ള 2373 അടിയില്‍ എത്തുകയുള്ളൂ. മാത്രമല്ല മൂലമറ്റം ജലവൈദ്യുത ഉല്‍പ്പാദന നിലയത്തില്‍ ജനറേറ്ററുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതിനനുസരിച്ച് ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയുമാണ്. നിലവില്‍ നാല് ജനറേറ്ററുകള്‍ ഇവിടെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.അതുകൊണ്ട് തന്നെ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Discussion about this post