തിരുവനന്തപുരം: ശബരിമല ക്ഷേത്രം ഈ മാസം തുറക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ഈ മാസം 14 മുതല്‍ 28 വരെ ശബരിമല ക്ഷേത്രം തുറക്കാന്‍ തീരുമാനമായത്. മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. വെര്‍ച്ച്വല്‍ ക്യൂ വഴിയായിരിക്കും പ്രവേശനം. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. മാസ്‌ക് നിര്‍ബന്ധമാണ്. ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്.
10 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടാവില്ല.പൂജാരിമാര്‍ക്ക് പ്രായപരിധി പ്രശ്‌നമല്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനിംഗ് ഉണ്ടാകും. വിഐപി ദര്‍ശനം ഉണ്ടാകില്ല. ഭക്തര്‍ക്ക് താമസ സൗകര്യമുണ്ടായിരിക്കുകയില്ല. എന്നാല്‍ അന്നദാന സൗകര്യം ഉണ്ടായിരിക്കും. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും. അപ്പം, അരവണയ്ക്കായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യണം.
പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവും. വണ്ടി പെരിയാര്‍ വഴിയുള്ള ദര്‍ശനം ഉണ്ടാകില്ല. ഇതര സംസ്ഥാനങ്ങളിലെ ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
അതേസമയം ജൂൺ 15 മുതല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്ച്വല്‍ ക്യൂ തുടങ്ങും. ദേവസ്വം വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയും. വിശ്വാസികള്‍ക്ക് വലിയമ്പലം വരെ മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക. അന്നദാനവും മറ്റു വഴിപാടുകളും ഉണ്ടായിരിക്കില്ല.
Discussion about this post