കോയമ്പത്തൂര്‍: ലോക്ഡൗണില്‍ കുടുങ്ങി സ്വന്തം നാട്ടിലെത്താന്‍ കഴിയാതെ പോയ നിരവധി പേരുണ്ട്. എങ്ങനെയെങ്കിലും വീട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍. അത്തരത്തില്‍ വീട്ടിലെത്താന്‍ ആഗ്രഹിച്ച് ഒരാള്‍ ചെയ്ത കാര്യമാണ് ശ്രദ്ധ നേടുന്നത്.
കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളിയാണ് വീട്ടിലെത്താന്‍ ബൈക്ക് മോഷ്ടിച്ചത്. കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായി സുരേഷ് കുമാര്‍ എന്നയാളുടെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. ബൈക്ക് കൊണ്ടുപോയി സ്വന്തമാക്കുകയായിരുന്നില്ല ഇയാളുടെ ഉദ്ദേശം. മറിച്ച് ആവശ്യം കഴിഞ്ഞ് ഉടമസ്ഥന് തിരികെ കൈമാറുകയും ചെയ്തു. നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞ് തൊഴിലാളി ഉടമക്ക് ബൈക്ക് പാഴ്‌സലയച്ച് കൊടുക്കുകയായിരുന്നു.
പ്രാദേശിക പാഴ്‌സല്‍ കമ്പനിയില്‍ നിന്ന് ഡെലിവറി സെന്ററിലെത്താന്‍ സുരേഷിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്ക് പാഴ്‌സലായി തനിക്ക് കിട്ടിയത് അറിഞ്ഞത്.
സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ നിന്ന് പ്രദേശത്തെ ചായക്കടയില്‍ ജോലി ചെയ്യുന്ന യുവാവാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.പേ അറ്റ് ഡെലിവറി വഴിയാണ് ബൈക്ക് പാഴസലയച്ചത്. വാഹനം തിരിച്ചുകിട്ടാന്‍ സുരേഷിന് ആയിരം രൂപ പാഴ്‌സല്‍ ചാര്‍ജ് കൊടുക്കേണ്ടി വന്നു.
Discussion about this post