തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആര്‍. ശ്രീലേഖ. ഫയര്‍ ആന്റ് റെസ്‌ക്യൂ മേധാവിയായിട്ടാണ് ആര്‍ ശ്രീലേഖയെ നിയമിച്ചിരിക്കുന്നത്. നിലവില്‍ ഗതാഗത കമ്മീഷണറാണ്.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍.ശ്രീലേഖ. ഈ വര്‍ഷം ഡിസംബറില്‍ ശ്രീലേഖ വിരമിക്കും. ശങ്കര്‍ റെഡ്ഡി റോഡ് സുരക്ഷാ കമ്മീഷണറായി തുടരും.ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കര്‍ റെഡ്ഡിക്കും ആര്‍ ശ്രീലേഖയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്.
പുതിയ ചീഫ് സെക്രട്ടറിക്കൊപ്പം ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചുപണിയാണ് ഉണ്ടായിരിക്കുന്നത്. ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31ന് ഒഴിയുന്ന സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറിയായ വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകുന്നത്. 1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത. ടി കെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി.
ഡോ എ ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ഇഷിതാ റായ് കാര്‍ഷികോത്പാദന കമ്മീഷണറാകും.
തിരുവനന്തപുരം കളക്ടറായ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്കും, ആലപ്പുഴ കളക്ടര്‍ എം അഞ്ജനയെ കോട്ടയത്തേക്കും മാറ്റി. നവജോത് ഘോസാണ് തിരുവനന്തപുരം കളക്ടര്‍. സഹകരണ രജിസ്ട്രാര്‍ കെ അലക്സാണ്ടര്‍ ആണ് ആലപ്പുഴ കളക്ടര്‍.
Discussion about this post