കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ചികിത്സിക്കാന്‍ കൂടുതല്‍ ആശുപത്രികളും മറ്റു സംവിധാനങ്ങളും ആവശ്യമായി വരികയാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ആവശ്യത്തിന് സൗകര്യങ്ങളില്ല. ഈ സാഹചര്യം മനസിലാക്കി സ്വന്തം ഓഫീസ് കെട്ടിടം കോവിഡ് രോഗികളെ ചികിത്സിക്കാന്‍ നല്‍കാന്‍ തയ്യാറായിരിക്കുകയാണ് ഇന്ത്യന്‍ കമ്പനിയായ വിപ്രോ.
പൂനെ ക്യാംപസാണ് കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ നല്‍കാമെന്ന് വിപ്രോ അറിയിച്ചത്. ഇത് സംബന്ധിച്ച് വിപ്രോ മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പൂനെയിലെ ഹിഞ്ചേവാടിയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്യാംപസുകളിലൊന്ന് 450 കിടക്കകളുള്ള ഇന്റര്‍മീഡിയറി കെയര്‍ കോവിഡ് -19 ആശുപത്രിയായി പുനര്‍നിര്‍മ്മിച്ച് മെയ് 30 നകം സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഒരു വര്‍ഷത്തിന് ശേഷം ആശുപത്രി വീണ്ടും ഐടി കേന്ദ്രമാക്കി മാറ്റുമെന്ന് ബെംഗളൂരു ആസ്ഥാനമായ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 450 കിടക്കകളുള്ള ആശുപത്രിയില്‍ 12 കിടക്കകള്‍ അത്യാസന്ന നിലയിലായ രോഗികള്‍ക്കായിരിക്കും.
Discussion about this post