പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ.. ഇന്ന് ലോകമെങ്ങും മലയാളികൾ പുതുവർഷ ആരംഭമായി ആചരിക്കുന്നു. ഒപ്പം നമ്മെ അന്നമൂട്ടുന്ന കർഷകരെ ആദരിക്കാനും, അവരുടെ സേവനത്തെ അനുമോദിക്കാനുമുള്ള സുദിനമായി ചിങ്ങം ഒന്നിനെ കണക്കാക്കുന്നു. നമ്മുടെ മഹത്തായ കാർഷിക പൈതൃകത്തെ ഓർമ്മപ്പെടുത്തുന്ന ഈ ദിനത്തിൽ സംസ്ഥാനമൊട്ടാകെ വിവിധതരത്തിലുള്ള കാർഷിക പരിപാടികളാണ് സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൻറെ കാർഷിക രംഗത്തെ ശക്തിപ്പെടുത്താൻ കൊണ്ടുവരേണ്ട പദ്ധതികളുടെ ആവശ്യകതയെ കുറിച്ചും ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു.
കാർഷിക ദിനത്തിനൊപ്പം മലയാളികൾ കാർഷിക ഉത്സവമായ ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ്. കർക്കിടകത്തിന്റെ കെടുതിയിൽ നിന്ന് സമ്പൽസമൃദ്ധിയുടെ കാലത്തേക്ക് നമ്മൾ കടക്കുകയാണ്. തുമ്പി തുള്ളലും, പുലികളിയും, ഓണപ്പൊട്ടനും കുമ്മാട്ടി കളിയും എല്ലാമായി കേരളത്തിൽ ആഘോഷ ആരവങ്ങൾ ഉയരും. ഒപ്പം ഓണപ്പാട്ടിന്റെയും തിരവാതിര പാട്ടിന്റെയും അലിയൊലികൾ മുഴങ്ങും. കുട്ടികൾ അവധിക്കാലത്തേക്ക് കടന്നിരിക്കുന്നു. ഇനി മുറ്റത്ത് പൂക്കളം ഒരുക്കാനുള്ള തിരക്കിലായി അവർ. അങ്ങനെ ഓണത്തിൻറെ തിരക്കുകളിലേക്ക് മലയാളികൾ മാറിത്തുടങ്ങിയിരിക്കുന്നു. സമ്പൽസമൃദ്ധിയുടെ ഒരു നല്ല കാലം എല്ലാവർക്കും ഞങ്ങൾ ആശംസിക്കുന്നു.
Discussion about this post