പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി അച്ഛന്. രാഖിശ്രീയുടെ മരണം യുവാവിന്റെ ശല്യം സഹിക്ക വയ്യാതെയെന്ന് പിതാവ് ആരോപിച്ചു. ചിറയിന്‍കീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരന് നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും അദ്ദേഹം ആരോപണം ഉന്നയിച്ചു.
സ്കൂളിലെ നൈപുണ്യം എന്ന ഒരു പരിപാടിയുടെ ഭാഗമായാണ് ചിറയിന്‍കീഴ് സ്വദേശിയായ യുവാവും രാഖിശ്രീയും കണ്ടുമുട്ടുന്നത്. പിന്നീട് ഇയാള്‍ ഗള്‍ഫില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ഒരു മൊബൈല്‍ ഫോണ്‍ രാഖിക്ക് നല്കി. അത് പിന്നീട് അമ്മ കണ്ടെടുക്കുകയും രാഖിയുടെ അച്ഛന് ഈ മൊബൈല്‍ ഫോണ്‍ യുവാവിന്റെ വീട്ടിലെത്തി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.
ഇനി ഇത്തരത്തില്‍ ഒന്നും ഉണ്ടാകില്ല എന്നും കേസിന്റെ വഴിക്ക് പോകരുതെന്നും യുവാവിന്റെ അച്ഛന് രാഖിയുടെ അച്ഛനോട് പറഞ്ഞു. എന്നാല്‍ ഒരാഴ്ച മുമ്പ് ഇയാള്‍ ഗള്‍ഫില്‍ നിന്ന് തിരികെ എത്തുകയും പ്ലസ് ടു പരിശീലനത്തിനായി ട്യൂഷന് ക്ലാസ്സില്‍ പോവുകയായിരുന്ന രാഖിയെ വീണ്ടും കാണുകയും തന്നോടൊപ്പം ജീവിക്കണം അല്ലെങ്കില്‍ അവസാനിപ്പിച്ചു കളയും എന്ന ഭീഷണി മുഴക്കുകയും ചെയ്തെന്നാണ് ആരോപണം.
ഇതോടെ കുടുംബം കേസിന്റെ വഴിക്ക് നീങ്ങാന്‍ തയ്യാറായി. എന്നാല്‍ രാഖി അത് വിലയ്ക്കുകയും തന്റെ എസ്എസ്എല്‍സി റിസള്‍ട്ട് വന്നതിനുശേഷം മാത്രം മതിയെന്നും പറഞ്ഞു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസമാണ് രാഖിയെ ചിറയിന്‍കീഴിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന രാഖിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മാര്‍ക്ക് ഡസ്റ്റ്ബിന്‍ എന്ന ഒരു പ്രോജക്ട് നല്കി അംഗീകാരം കരസ്ഥമാക്കി. എല്ലാവരോടും സൗമ്യപ്രകൃതയായ രാഖിയുടെ വിയോഗത്തില്‍ വിദ്യാലയവും നാടും ഒന്നടങ്കം തേങ്ങുകയാണ്. തന്റെ മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് പിതാവിന്റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ രാഖിശ്രീയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും എ പ്ലസോടെ മികച്ച വിജയം നേടിയിരുന്നു രാഖിശ്രീ. ഫലമറിഞ്ഞശേഷം ശനിയാഴ്ച രാവിലെ സ്കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അമ്മയോടൊപ്പം രാഖിശ്രീ പങ്കെടുത്തിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷം പങ്കിട്ടാണ് രാഖിശ്രീ മടങ്ങിയത്. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
Discussion about this post