ഗൃഹവൈദ്യത്തിൽ പണ്ടുകാലം മുതലേ ഉപയോഗപ്പെടുത്തുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. പ്രത്യേകിച്ച് കുട്ടികൾക്ക് പനി വരുമ്പോൾ പനിക്കൂർക്കയുടെ നീര് കൊടുക്കുകയും, പനിക്കൂർക്ക വാട്ടി പിഴിഞ്ഞ് നെറുകയിൽ ഇടുകയും ചെയ്യാറുണ്ട്. പനി മാത്രമല്ല ഒട്ടേറെ രോഗങ്ങൾക്ക് പ്രതിരോധ കവചം ഒരുക്കുവാൻ പനിക്കൂർക്ക എന്ന ഔഷധസസ്യം കൊണ്ട് സാധ്യമാകുന്നു.
പനി മാത്രമല്ല പല്ലുവേദന, തൊണ്ടവേദന തുടങ്ങി രോഗങ്ങളെ അകറ്റുവാനും പനിക്കൂർക്ക അത്യുത്തമമാണ്. പനിക്കൂർക്ക ഇല ഇട്ട വെള്ളം തിളപ്പിച്ചാറിയതുകൊണ്ട് കവിൾ കൊണ്ടാൽ പല്ലുവേദനയും തൊണ്ടവേദനയും പൂർണ്ണമായും ഇല്ലാതാക്കാം. രോഗങ്ങൾ വരാതെ തടയുവാനും പനിക്കൂർക്ക കൊണ്ട് സാധ്യമാകുന്നു. പനിക്കൂർക്ക ഇലയും രസത്തിന് ആവശ്യമുള്ള ചേരുവകളും ചേർത്ത് രസം ഉണ്ടാക്കി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ നല്ലതാണ്. ഇതുകൂടാതെ ഒരു ഗ്ലാസ് വെള്ളത്തിൽ മൂന്ന് പനിക്കൂർക്കയിലെ ചതച്ചതും ആവശ്യത്തിന് കാപ്പിപ്പൊടിയും, ശർക്കരയും ചേർത്ത് തയ്യാറാക്കുന്ന പനിക്കൂർക്ക കാപ്പിയും രോഗപ്രതിരോധ നിവാരണ മാർഗമാണ്. വെറുതെ പനിക്കൂർക്ക ഇലയുടെ നീര് വാട്ടി പിഴിഞ്ഞ് ഒരു ടീസ്പൂൺ വീതം ദിവസവും കഴിക്കുന്നത് രോഗങ്ങളെ വരാതെ തടയുന്നു.
തലവേദന ഇല്ലാതാക്കാൻ പനിക്കൂർക്ക ഇലയുടെ നീര് രാസനാദി ചൂർണത്തിൽ ചാലിച്ച് നെറുകയിൽ പുരട്ടിയാൽ മതി. നമ്മുടെ വീട്ടുവളപ്പിൽ അനായാസം കൃഷി ചെയ്യാവുന്ന ഔഷധസസ്യമാണ് ഇത്. മികച്ച പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കി ഗ്രോ ബാഗുകളിലും ചെടിച്ചട്ടികളിലും വരെ ആവശ്യനുസരണം പനിക്കൂർക്ക നമുക്ക് കൃഷി ചെയ്ത് എടുക്കാം.
Discussion about this post