പത്തുലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതിന് ശേഷം നടന് ആന്റണി വര്‍ഗീസ് (പെപ്പെ) സിനിമയില്‍ നിന്ന് പിന്മാറിയെന്ന ആരോപണത്തില്‍
വിശദീകരണവുമായി നിര്‍മാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ കുമാറും.
ചിത്രത്തിലേക്ക് ആന്റണിയുടെ പേര് നിര്‍ദ്ദേശിച്ചത് ജൂഡ് ആയിരുന്നുവെന്ന് അരവിന്ദ് പറഞ്ഞു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ 10 ലക്ഷം വേണമെന്ന് ആന്റണി ആവശ്യപ്പെട്ടു. 10 ലക്ഷം അഡ്വാന്‍സ് ആയി വേണമെന്ന് ആന്റണി പറഞ്ഞതിന്റെ കാരണം പെങ്ങളുടെ കല്യാണം തന്നെയാണെന്നും ഇവര്‍ വ്യക്തമാക്കി.
യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇരുവരുടേയും പ്രതികരണം. ‘സത്യം അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം’ എന്ന തലക്കെട്ടോടെ ഈ വീഡിയോ ജൂഡും പങ്കുവെച്ചിട്ടുണ്ട്. ആന്റണിയുമായുള്ള കരാറിന്റെ പകര്‍പ്പും ജൂഡ് പങ്കുവെച്ചു.
നിര്‍മാതാക്കളുടെ വാക്കുകള്‍
‘ആന്റണിയുടെ പേര് നിര്‍ദ്ദേശിച്ചത് ജൂഡ് ആയിരുന്നു. വളരെ നല്ല അഭിപ്രായമാണ് ജൂഡ് പറഞ്ഞത്. കഥയില്‍ ആന്റണി വര്‍ഗീസ് തൃപ്തനായിരുന്നു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഞങ്ങള്‍ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് അദ്ദേഹത്തെ കാണുന്നത്.
പുള്ളിക്ക് ഒരു ആവശ്യമുണ്ട്, അതിനാല്‍ 10 ലക്ഷം രൂപ അഡ്വാന്‍സ് വേണമെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് പറഞ്ഞു. അതുകൊണ്ടാണ് 10 ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചത്. 27 ജൂണ്‍ 2019-ലാണ് അഡ്വാന്‍സ് കൊടുക്കുന്നത്. കഥയെപ്പറ്റി ആന്‍ണിക്ക് അറിയാമായിരുന്നു. അജഗജാന്തരത്തിന്റെ ഷൂട്ടിങ് സമയത്താണ് പ്രിന്റ് ചെയ്ത തിരക്കഥ കൊടുക്കുന്നത്. കഥയില്‍ യാതൊരു എതിരഭിപ്രായവും അപ്പോള്‍ ആന്റണി പറഞ്ഞിരുന്നില്ല.
ഡിസംബര്‍ ആദ്യവാരമാണ് കാസ്റ്റിങ് വീഡിയോ ഷൂട്ട് ചെയ്യുന്നത്. പുള്ളിയെ കിട്ടാന്‍ അല്പം ബുദ്ധിമുട്ടിയെങ്കിലും അദ്ദേഹം സഹകരിച്ചു. ജനുവരി 10-ന് സിനിമ ആരംഭിക്കാമെന്ന് പറഞ്ഞു. അജഗജാന്തരത്തിന്റെ ഷൂട്ട് കുറച്ച് ഭാഗങ്ങള്‍ ബാക്കിയുണ്ട് അത് കഴിഞ്ഞ് ചെയ്യാമെന്ന് പുള്ളി സമ്മതിച്ചു. ഡിസംബര്‍ 10-നാണ് ഈ സംഭവം നടക്കുന്നത്. ഞങ്ങള്‍ ബാക്കി വര്‍ക്കുകള്‍ എല്ലാം ചെയ്തു.
ജനുവരി 10 എന്ന തീയതി വെച്ച് റൂം ബുക്കിങ്ങും ഭക്ഷണത്തിന്റെയും യാത്രയുടേയും കാര്യങ്ങള്‍ അറേഞ്ച് ചെയ്തു. തുടര്‍ച്ചയായി ഷൂട്ട് ചെയ്യാനായിരുന്നു പ്ലാന്‍. ഡിസംബര്‍ 23-ന് ജൂഡ് വിളിച്ചപ്പോഴാണ് സിനിമ ചെയ്യുന്നില്ല, താത്പര്യമില്ലെന്ന് ആന്റണി പറയുന്നത്. ഡിസംബര്‍ 29-ന് സംവിധായകന് പുള്ളിയെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. പുള്ളി ഇത് ചെയ്യുന്നില്ലെന്ന് അറിയിച്ചു.
സിനിമ ആന്റണി ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പായതോടെയാണ് അഡ്വാന്‍സ് 10 ലക്ഷം തിരികെ ചോദിച്ചത്. ഇതിനൊപ്പം ചെലവായതിന്റെ അഞ്ച് ശതമാനവും ചോദിച്ചിരുന്നു. കണ്ട്രോളര് മുഖേനയാണ് ഞങ്ങളുമായി ബന്ധപ്പെട്ടത്. കൈ കൊടുത്ത് പിരിഞ്ഞുവെന്നാണ് ആന്റണി പറഞ്ഞത്, അങ്ങനെ സംഭവിച്ചിട്ടില്ല. ചെലവായ പൈസ തരില്ലെന്ന് ആന്റണി അറിയിക്കുകയും ഞങ്ങള്‍ അത് സമ്മതിക്കുകയും ചെയ്തു. ആറ് മാസം കഴിഞ്ഞ് 2020 ജനുവരി 27-ന് ആന്റണി 10 ലക്ഷം തിരികെ തന്നു.
Discussion about this post