Eവാരനാട് ക്ഷേത്രത്തിലെ ഗാനമേള മോശമായതിനെ തുടര്‍ന്ന് നടനും ഗായകനുമായ വിനീത് ശ്രീനിവാസന് ഓടി രക്ഷപ്പെട്ടു എന്ന പേരില്‍ പ്രചരിച്ച വീഡിയോ വൈറലായിരുന്നു. എന്നാല്‍ വിനീത് ഓടി രക്ഷപ്പെട്ടതല്ല എന്ന് വ്യക്തമാക്കി കൊണ്ട് തിരക്കഥാകൃത്ത് സുനീഷ് വാരനാട് രംഗത്തെത്തിയിരുന്നു.
ഈ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസനും ഇപ്പോള്‍. ആരും ഒരു തരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നും ഓരോ പാട്ടും ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സു മുഴുവനെന്നും വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിനീത് ശ്രീനിവാസന്റെ കുറിപ്പ്:
വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വിഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍ അനിയന്ത്രിതമായ ജനത്തിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട സാഹചര്യം ഉണ്ടായി.
ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്? സിനിമാ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും!
Discussion about this post