വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. മൈസൂരില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. ട്രെയിന്‍ മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തിരിച്ച് ബെംഗളൂരുവിലെ കന്റോണ്‍മെന്റ് – കൃഷ്ണരാജപുര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലൂടെ കടന്നു പോകവെയായിരുന്നു ആക്രമണം.
കല്ലേറിനെ തുടര്‍ന്ന് ട്രെയിനിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ക്ക് പരുക്കില്ലെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേ സംരക്ഷണ സേന സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു.
രാജ്യത്തെ അതിവേഗ ട്രെയിനുകളുടെ ശ്രേണിയില്‍പെടുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ നിരവധി തവണ ആക്രമണത്തിനിരയായിട്ടുണ്ട്. പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വച്ചായിരുന്നു ഇതിന് മുന്‍പ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.
കന്നുകാലികളെ കൂട്ടിയിടിച്ചു ട്രെയിനിന്റെ മുന്‍വശത്തെ പാനലുകള്‍ തകര്‍ന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 10 വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്.
Discussion about this post