അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസില്‍ അര ടണ്‍ ഭാരമുള്ള ഉല്‍ക്ക പതിച്ചതായി സ്ഥിരീകരിച്ച് നാസ. ഏകദേശം 1,000 പൗണ്ട് ഭാരവും രണ്ടടി വീതിയുമുള്ള ഉല്‍ക്കയാണ് ബുധനാഴ്ച തെക്കന്‍ ടെക്സാസിലെ മക്അല്ലെനില് തകര്‍ന്നുവീണത്.
വൈകുന്നേരം ആറ് മണിയോടെ മക്അല്ലെന് സമീപമുള്ള വിശ്രമ സ്ഥലത്തേക്ക് വന്നു വീണ ഉല്‍ക്കാശിലയെ സംബന്ധിച്ച വസ്തുത നാസ സ്ഥിരീകരിച്ചതായി ഡാലസിലെ ഫോക്സ് സ്റ്റേഷനായ കെഡിഎഫ്ഡബ്ലിയു റിപ്പോര്‍ട്ട് ചെയ്തു.
ഉല്‍ക്കകള്‍ വളരെ വേഗതയിലാണ് ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുന്നത്.എങ്കിലും പിന്നീട് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അവയുടെ വേഗം കുറയുന്നു. മാത്രമല്ല ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് ചെറിയ ശകലങ്ങളായി വിഘടിക്കുകയും ഉല്‍ക്കാശിലകള്‍ പെട്ടെന്ന് തണുക്കുകയും ചെയ്യും. അതേസമയം ഇത് പൊതുവെ പൊതുജനങ്ങള്‍ക്ക് അപകടസാധ്യതയുള്ളതല്ലെന്നും നാസ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതിനിടെ ഉല്‍ക്കയുടെ ഭാഗങ്ങള്‍ പതിക്കാന്‍ സാധ്യതയുള്ള പ്രദേശം കാണിക്കുന്ന ഭൂപടത്തോടൊപ്പം ബഹിരാകാശ ഏജന്‍സി സംഭവത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉല്‍ക്ക ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് പക്ഷികള്‍ ചിതറിത്തെറിക്കുന്നതും സോണിക് ബൂമിന്റെ ശബ്ദം കേള്‍ക്കുന്നതുമായി ഹോം സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കെഡിഎഫ്ഡബ്ലിയുവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൈകുന്നേരം 5:30 ന് മുമ്പ് ഒരു ജിയോസ്റ്റേഷണറിയുടെ മിന്നല്‍ മാപ്പര്‍ ഉല്‍ക്കയില്‍ നിന്നുള്ള ഫ്ലാഷ് പകര്‍ത്തിയതായി റിയോ ഗ്രാന്‍ഡെ വാലിയിലെ കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മിന്നല്‍ മാപ്പര്‍ ഉപഗ്രഹം ബഹിരാകാശത്ത് നിന്നുള്ള മിന്നലിനെ അളക്കാന്‍ ഉപയോഗിക്കുന്നതാണ്. ഉല്‍ക്കാപതനം നടന്നപ്പോള്‍ പ്രദേശത്ത് ഇടിമിന്നല്‍ പ്രവര്‍ത്തനമൊന്നും ഉണ്ടായിരുന്നില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മാത്രമല്ല മക്അല്ലന് സമീപം ആകാശത്ത് ഉല്‍ക്ക കണ്ടതായി രണ്ട് വിമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഹൂസ്റ്റണിലെ വ്യോമ ഗതാഗതം നിയന്ത്രിക്കുന്നവര്‍ വ്യക്തമാക്കിയതായി ഹിഡാല്‍ഗോ കൗണ്ടി ഷെരീഫ് എഡ്ഡി ഗ്യൂറ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Discussion about this post