കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഇസ്രയേലില്‍ കൃഷിരീതികള്‍ പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും മുങ്ങിയത് വ്യക്തമായ പദ്ധതികളോടെയെന്ന് സംഘത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍. കൃത്യമായി ആസൂത്രണം ചെയ്താണ് ബിജു കുര്യന് സംഘത്തില്‍ നിന്ന് മുങ്ങിയത്. ഇസ്രായേലില്‍ ശുചീകരണ ജോലി ചെയ്താല്‍ തന്നെ ദിവസം 15,000 രൂപ ലഭിക്കും.
കൃഷിപ്പണിക്ക് ഇരട്ടിയാണ് കൂലിയെന്നും ബിജു ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ് വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്ന് സഹയാത്രികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലില്‍ തങ്ങുക എന്ന ലക്ഷ്യത്തോടെ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് ബിജു സംഘത്തിനൊപ്പം ചേര്‍ന്നതെന്നാണ് കൃഷിവകുപ്പിന്റെയും നിഗമനം.
ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന് 55,000 രൂപ സ്വയം മുടക്കിയാണ് ബിജു കേരള സര്‍ക്കാര്‍ അയക്കുന്ന സംഘത്തോടൊപ്പം കൂടിയത്. കേരളത്തില്‍ നിന്നും പുറപ്പെട്ടപ്പോള്‍ മുതല്‍ ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്നവര്‍ വ്യക്തമാക്കി.
അതേസമയം, കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന് ആസൂത്രിതമായി മുങ്ങിയതെന്ന് സ്ഥിരീകരിച്ച് മന്ത്രി പി പ്രസാദും രംഗത്തെത്തി. നല്ല ഉദ്ദേശത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനക്ക് ശേഷമാണ് കര്‍ഷകരെ തെരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.
വളരെ ആസൂത്രിതമായാണ് ബിജു കുര്യന് മുങ്ങിയത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ഇത് വളരെ മോശം പ്രവൃത്തിയാണ്. ബിജുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ വിളിച്ച് ക്ഷമ ചോദിച്ചു. സഹോദരനുമായി ഫോണില്‍ സംസാരിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലിലും എംബസിയിലും പരാതി നല്‍കിയിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post