ട്വിറ്ററിന് പിന്നാലെ ബ്ലൂടിക് വേരിഫിക്കേഷന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങി ഫേയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയും. ‘മെറ്റ വെരിഫൈഡ്’ എന്ന സബ്സ്ക്രിപ്ഷന് മോഡല്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. നിലവില്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും മെറ്റാ വേരിഫൈഡ് പരീക്ഷിക്കുന്നുണ്ട്.
പ്രതിമാസം 11.99ഡോളര്‍ (ഏകദേശം 990രൂപ) ഐഫോണുകളില്‍ 14.99ഡോളര്‍ (1,240രൂപ) എന്ന നിരക്കിലാണ് ഇപ്പോള്‍ മെറ്റ വേരിഫൈഡ് പരീക്ഷിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം, ഫേയ്സ്ബുക്ക് അക്കൗണ്ടുകള്‍ വേരിഫൈ ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഗുണം. വേരിഫൈഡ് ആകുന്ന പ്രൊഫൈലുകള്‍ക്ക് പേരിന് അടുത്തായി ഒരു നീല ടിക്ക് ലഭിക്കും.
ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ അധിക സുരക്ഷാ ഫീച്ചറടക്കം ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും മെറ്റാ വേരിഫൈഡിന്റെ തുക നിശ്ചയിക്കുന്നത്. 1200 രൂപ എന്ന നില തുടര്‍ന്നാല്‍ അത് ട്വിറ്റര്‍ ബ്ലൂ ടിക്കിനേക്കാളും നെറ്റ്ഫ്ളിക്സിന്റെ പ്രീമിയം പ്ലാനിനേക്കാളുമൊക്കെ ചിലവേറിയതാകും.
പ്രൊഫൈല്‍ വേരിഫൈ ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം. മെറ്റ വേരിഫൈഡ് ലഭിക്കുന്നവര്‍ക്ക് ഒരു വേരിഫൈഡ് ബാഡ്ജ്, ഫേക്ക് അക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍ സുരക്ഷ, മികച്ച ഉപഭോക്തൃ സേവനം, അക്കൗണ്ടില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കുമെല്ലാം കൂടുതല്‍ റീച്ച്, പ്രത്യേക സ്റ്റിക്കറുകള്‍ അങ്ങനെ പല സവിശേഷതകളും ലഭിക്കും.
Discussion about this post